ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ജന്മാഷ്ടമി. ഈ ദിവസം വളരെ പവിത്രവും ആചാരനുഷ്ടാനങ്ങളോടെയുമാണ് രാജ്യത്തുടനീളമുള്ള വിശ്വാസികൾ ആഘോഷിക്കുന്നത്. ഭാദ്രപദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ അർദ്ധരാത്രിയിൽ രോഹിണി നക്ഷത്രത്തിലാണ് കൃഷ്ണൻ ജനിച്ചത്. ഇത് സാധാരണയായി ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസങ്ങളിലാണ്. ഈ വർഷത്തെ ജന്മാഷ്ടമി ഓഗസ്റ്റ് 26 (തിങ്കളാഴ്‌ച) ആഘോഷിക്കും.
ജന്മ, അഷ്ടമി എന്നീ രണ്ട് വാക്കുകളുടെ സംയോജനമാണ് ജന്മാഷ്ടമി. ജന്മ എന്നാൽ ജനനം എന്നാണ് അർത്ഥമാക്കുന്നത്. അഷ്ടമി എന്നാൽ ഹിന്ദു കലണ്ടർ പ്രകാരം മാസത്തിലെ എട്ടാം ദിവസം എന്ന് അർത്ഥം. ജന്മാഷ്ടമി നാളിൽ കൃഷ്ണന്റെ ബാലകരൂപത്തിലുള്ള വിഗ്രഹത്തെയാണ് പ്രധാനമായും ആചാരാനുഷ്ഠാനങ്ങളോടെ പൂജിക്കുക.
ഈ ദിവസം ഉപവാസം അനുഷ്ടിക്കുന്നത് വിശേഷമായാണ് കണക്കാക്കുന്നത്. മനസ്സും ശരീരവും ഒരു പോലെ ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. എങ്ങനെയാണ് വ്രതം ആചരിക്കേണ്ടതെന്നും ജന്മാഷ്ടമി വ്രതാനുഷ്ഠാനത്തിന്റെ നിയമങ്ങൾ എന്താണെന്നും നോക്കാം. പ്രാധാനമായും രണ്ടു തരത്തിലാണ് ഈ ദിനത്തിലെ ഉപവാസം. നിർജാല (വെള്ളവും ഭക്ഷണവുമില്ലാതെ), ഫലഹാർ (പഴവും പാലും അടിസ്ഥാനമാക്കിയുള്ള ഭക്ഷണം).
ജന്മാഷ്ടമി ദിനത്തിലെ ഏറ്റവും കഠിനമായ വ്രതമാണ് നിർജാല. അതായത് ആ ദിനത്തിൽ വെള്ളവും ഭക്ഷണവും പൂർണ്ണമായി ഉപേക്ഷിച്ചാണ് ഈ വ്രതം ആചരിക്കുന്നത് ( ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവർ വൈദ്യോപദേശത്തിന് ശേഷം മാത്രം ഇത്തരം വ്രതങ്ങൾ അനുഷ്ടിക്കുക). ഫലഹാർ എന്നാൽ മത്സ്യമാംസാദികൾ പൂർണ്ണമായി ഒഴിവാക്കി പഴം, പാൽ എന്നിവ കഴിച്ച് അമുഷ്ടിക്കുന്ന വ്രതമാണ്.
വ്രതം അനുഷ്ടിക്കുമ്പോൾ ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, അരി, ഉള്ളി, വെളുത്തുള്ളി., ഉപ്പ് എന്നിവ ഭക്ഷണത്തിൽ നിന്നും കഴിവതും ഒഴിവാക്കുക. വാഴപ്പഴം, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ പഴങ്ങൾ. പാൽ, തൈര്, പനീർ, വെണ്ണ തുടങ്ങിയ പാലുൽപ്പന്നങ്ങൾ എന്നിവ ഈ ദിനത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ജന്മാഷ്ടമി ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് വ്രതം ആരംഭിക്കണം. ശരീരം ശുദ്ധിയാക്കിയതിന് ശേഷമാണ് വ്രതം തുടങ്ങേണ്ടത്. ശ്രീകൃഷ്ണനെ പൂജിക്കുന്ന വേളയിൽ മധുരപലഹാരങ്ങളും, പഴങ്ങളും എല്ലാം അർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഭഗവാൻ കൃഷ്ണന്റെ നാമങ്ങൾ ജപിക്കുക. ദരിദ്രർക്ക് ദാനം ചെയ്യുക.