25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഭാര്യയുടെ പേരിൽ എടുത്തു; രണ്ട് ലക്ഷം രൂപ പ്രീമിയം അടച്ച് ഒരു മാസത്തിൽ വിഷം കുത്തി വെച്ച് കൊന്നു…

Written by Web Desk1

Published on:

ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിൽ യുവതിയെ പാമ്പിന്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവായ ശുഭം സിംഗിന് അന്യസ്ത്രീകളുമായി ബന്ധമുണ്ടെന്ന് യുവതി തന്റെ സഹോദരനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് നാലുവർഷം മുൻപ് യുവതി വിവാഹമോചനത്തിനും ശ്രമിച്ചിരുന്നു. എന്നാൽ വിഷയത്തിൽ യുവതിയുടെ കുടുംബവും മറ്റ് ബന്ധുക്കളും ഇടപെടുകയും പ്രശ്‌നങ്ങള്‍ തീർക്കുകയും ആയിരുന്നു. ഇതിനുശേഷം യുവതി ഭർത്താവ് ശുഭം സിംഗിന്റെ കൂടെപ്പോകാൻ നിർബന്ധിതയായി.

ആഗസ്റ്റ് 11നാണ് സലോണിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സഹോദരനായ അജിത് സിംഗിന്റെ പരാതിയിന്മേൽ ഉണ്ടായ അന്വേഷണത്തിലാണ് കൊലപാതകത്തിൻറെ ചുരുൾ അഴിയുന്നത്. പ്രതിയായ ശുഭം സിംഗ് സലോണിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭാര്യയെ പാമ്പിന്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത് എന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 15നാണ് ശുഭം സലോണിയുടെ പേരില്‍ 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയെടുത്തത്. ശുഭം സിംഗ് ആയിരുന്നു നോമിനി. ശേഷം ഇയാള്‍ രണ്ട് ലക്ഷം രൂപ പ്രീമിയം തുകയായി അടയ്ക്കുകയും ചെയ്തു.പോളിസി എടുത്ത് ഒരു മാസം പിന്നിടുന്നതിന് മുമ്പാണ് സലോണിയെ പ്രതി കൊലപ്പെടുത്തിയത്.

ഇതോടെ ശുഭം സിംഗ്, അയാളുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി സലോണിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Leave a Comment