ഓണത്തിന് മിൽമ ഒൻപത് രൂപ അധികം നൽകി പാൽ വാങ്ങും…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : മിൽമ ഓണക്കാലത്ത് ഒരു ലിറ്റർ പാലിന് ഒൻപത് രൂപ വീതം അധിക വില നൽകാൻ തിരുവനന്തപുരം മേഖല യൂണിയൻ ഭരണസമിതി തീരുമാനിച്ചതായി ചെയർമാൻ മണി വിശ്വനാഥ് അറിയിച്ചു. ഇതിൽ ഏഴ് രൂപ ക്ഷീരസംഘങ്ങൾക്ക് അധിക പാൽവിലയായി നൽകും. രണ്ട് രൂപ മേഖലാ യൂണിയനിൽ സംഘത്തിൻറെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

ക്ഷീരസംഘങ്ങൾക്ക് ലഭിക്കുന്ന ഏഴ് രൂപയിൽ അഞ്ച് രൂപ ക്ഷീര കർഷകർക്ക് നൽകണം. രണ്ട് രൂപ സംഘങ്ങളുടെ കൈകാര്യ ചെലവിനായി വിനിയോഗിക്കാം. 2024 ജൂലൈയിൽ സംഘങ്ങൾ യൂണിയന് നൽകിയ പാലളവിന് ആനുപാതികമായി ആഗസ്റ്റ് മാസത്തിലെ പാൽ വിലയോടൊപ്പമായിരിക്കും ഇപ്പോൾ പ്രഖ്യാപിച്ച ഇൻസെൻറീവ് നൽകുക. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയൻറെ പരിധിയിലുള്ള ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ഒരു ലിറ്ററിന് 53.76 രൂപയായി വർദ്ധിക്കും.

പുതിയ തീരുമാനം നടപ്പാവുന്നതോടെ ഏകദേശം 6.40 കോടി രൂപയുടെ അധിക ചെലവാണ് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം മേഖല യൂണിയൻ 2023-24 സാമ്പത്തികവർഷം അധിക പാൽവില നൽകുന്നതിനായി 11.78 കോടി രൂപയും 2024-25 സാമ്പത്തിക വർഷം നാളിതു വരെ 1.37 കോടിയും ചെലവഴിച്ചതായും ചെയർമാൻ കൂട്ടിച്ചേർത്തു.

See also  കുതിരാൻ തുരങ്കത്തിൽ ഗതാഗത നിയന്ത്രണം

Related News

Related News

Leave a Comment