ഗ്യാസ് അടുപ്പ് ശരിയായി കത്താൻ ഇനി കുറച്ച് പൊടിക്കൈകൾ ….

Written by Web Desk1

Published on:

ഇന്നത്തെ കാലത്ത് 90 ശതമാനം പേരും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസ് അടുപ്പുകളെയായിരിക്കും. തിരക്കുപിടിച്ച ജീവിതത്തിൽ വിറക് അടുപ്പിൽ പാചകം ചെയ്യാൻ മിക്കവർക്കും സമയമുണ്ടായിരിക്കുകയില്ല. എന്നാൽ നിത്യേനയുള്ള ഗ്യാസ് അടുപ്പ് ഉപയോഗം ഗ്യാസ് വേഗത്തിൽ തീർക്കുമെന്ന് മാത്രമല്ല അടുപ്പിൽ കരിയും പൊടിയും അഴുക്കും മറ്റും കൂടുതലാവുന്നതിന് കാരണമാവുകയും ചെയ്യും.ഇങ്ങനെ അടുപ്പിൽ പൊടിയും മറ്റും കയറുമ്പോൾ ഫ്ളെയിം സാധാരണയിൽ കുറവായിട്ടായിരിക്കും ഉണ്ടാവുക. ഇത് പാചകത്തിന്റെ വേഗം കുറയ്ക്കുകയും ഗ്യാസ് ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യും.

എന്നാൽ ഈ പ്രശ്‌നത്തിന് നമ്മുടെ വീടുകളിൽ സാധാരണമായി കാണുന്ന സാധനങ്ങൾകൊണ്ട് പരിഹാരമുണ്ടെന്ന് എത്രപേർക്കറിയാം?

ആദ്യം ബർണർ വൃത്തിയാക്കിയെടുക്കാം. അടുപ്പിൽ നിന്ന് ബർണർ മാറ്റി ഒരു പാത്രത്തിലിടണം ശേഷം കുറച്ച് സോഡാപ്പൊടിയും വിനാഗിരിയും നന്നായി യോജിപ്പിച്ച് ബർണറിലേക്ക് ഒഴിച്ചുകൊടുക്കാം. ഇത് ഒരു ഒരു മണിക്കൂർ മാറ്റിവച്ചിരുന്നാൽ ബർണറിലെ എല്ലാ അഴുക്കും പൊടിയും മാറികിട്ടും. ഗ്യാസ് അടുപ്പിന്റെ ഗ്ളാസ്, സ്റ്റീൽ ഭാഗത്തെ അഴുക്ക് കളയാൻ ടൂത്ത് പേസ്റ്റുകൊണ്ടൊരു മാർഗമുണ്ട്. ഒരു സ്‌പോഞ്ചിലോ തുണിയിലോ അൽപ്പം പേസ്റ്റെടുത്ത് ഈ ഭാഗത്ത് നന്നായി തേച്ചുകൊടുക്കാം. എല്ലാ അഴുക്കും പൊടിയും ഈസിയായി മാറികിട്ടും. ഗ്യാസ് അടുപ്പിലേക്ക് ഉറുമ്പും പല്ലിയും പാറ്റയുമൊക്കെ വരുന്നതും ഒഴിവാകും.

നന്നായി വൃത്തിയാക്കിയതിനുശേഷം ഗ്യാസ് അടുപ്പിന്റെ വശങ്ങളിലായി പൗഡർ ഇട്ടുകൊടുക്കുന്നതും ഉറുമ്പിനെ അകറ്റും. ഉറുമ്പുകൾ അടുപ്പിനുള്ളിൽ കയറുന്നത് ഗ്യാസ് നന്നായി കത്താതിരിക്കുന്നതിന് കാരണമാവും. ഒരു പാത്രത്തിൽ കുറച്ച് ഉപ്പ്, പേസ്റ്റ്, വിനാഗിരി എന്നിവയെടുത്ത് നന്നായി യോജിപ്പിച്ച് ഗ്യാസ് ലൈറ്ററിന്റെ പുറംഭാഗത്തായി പുരട്ടുന്നത് തുരുമ്പും അഴുക്കുമൊക്കെ കളയുന്നതിന് സഹായിക്കും. അടുപ്പിലെ ഏതെങ്കിലും ബർണർ ശരിയായി കത്തുന്നില്ലെങ്കിൽ അടുപ്പ് ചരിച്ച് വച്ചതിനുശേഷം ഗ്യാസ് വരുന്ന ഹോളിൽ ഒരു സേഫ്‌ടി പിൻ ഉപയോഗിച്ച് കുത്തികൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ പൊടിയും അഴുക്കുമൊക്കെ ഇരിക്കുന്നത് മാറികിട്ടുകയും അടുപ്പ് നന്നായി കത്തുകയും ചെയ്യും.

Leave a Comment