വയനാട് (Wayanad) : ഉരുൾപൊട്ടലിൽ സർവതും നഷ്ടമായവരുടെ വായ്‌പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയ്യാറാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബാങ്കേഴ്‌സ് സമിതിയുടെ പ്രത്യേക യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സാധാരണ ബാങ്കുകള്‍ സ്വീകരിക്കുന്ന കടത്തിന്റെ അവധി നീട്ടി കൊടുക്കലോ, പലിശയില്‍ ഇളവ് കൊടുക്കലോ ഒന്നും പരിഹാരമാകില്ലെന്നും അദേഹം പറഞ്ഞു.
ഇവിടെ വായ്പ എടുത്തവര്‍ പലരും ഇല്ലാതായി. ആ ഭൂമിയില്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ചെയ്യാന്‍ കഴിയുന്നത് ആ ഭൂമിയിലെ വായ്പ എഴുതി തള്ളുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ കടം പൂര്‍ണ്ണമായും ഓരോ ബാങ്കും എഴുതിത്തള്ളുന്ന തീരുമാനം എടുക്കണം. ചെയ്യാന്‍പറ്റാത്ത കാര്യമല്ല ഇത്. ഇതുപോലൊരു ഘട്ടത്തില്‍ യാന്ത്രികമായി പെരുമാറാൻ പാടില്ലെന്നും ദുരിതബാധിതര്‍ക്ക് നല്‍കിയ ആശ്വാസ ധനത്തില്‍നിന്ന് വായ്പയുടെ തിരിച്ചടവ് പിടിച്ച ചൂരല്‍മലയിലെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തബാധിതരിൽ ഇഎംഐ ഈടാക്കിയ കൽപ്പറ്റ കേരള ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗ്രാമീൺ ബാങ്ക് റീജനൽ ഓഫിസിന് മുന്നിൽ രാവിലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിലാണ്. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവതും നഷ്ടപെട്ടവർക്ക് അടിയന്തര ധനസഹായമായി സംസ്ഥാന സർക്കാർ നൽകിയ 10,000 രൂപയിൽ നിന്നും ബാങ്കിന്റെ വായ്പ കുടിശ്ശികയിലേക്ക് ഇഎംഐ പിടിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 1500 രൂപ മുതൽ 5000 രൂപ വരെയാണ് ബാങ്ക് പിടിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.