ഓണം കളറാക്കാൻ കുഞ്ഞു കൈകൾ വിളയിച്ചെടുക്കുന്നു ചെണ്ടുമല്ലിപ്പൂക്കൾ

Written by Taniniram

Published on:

കെ.ആര്‍.അജിത

തൃശ്ശൂര്‍: സ്‌കൂള്‍ ഗേറ്റ് തുറന്നതും ബാഗ് ക്ലാസ്സില്‍ വെച്ച് മിലാനയും ഫര്‍സാനയും ദേവനയും ആദികൃഷ്യണയുമൊക്കെ ഓടിയെത്തിയത് ചെണ്ടുമല്ലി തോട്ടത്തിലേക്ക്. പൂതുമ്പിയും ചിത്രശലഭങ്ങളും മൊട്ടിട്ടു നില്‍ക്കുന്ന ചെണ്ടുമല്ലിയില്‍ വന്നിരിക്കുന്ന കാഴ്ചയില്‍, കുട്ടികളുടെ മുഖങ്ങളില്‍ സന്തോഷവും കൗതുകവും മിന്നിമറഞ്ഞു. ഇത് വടൂക്കര ഗുരുവിജയം സ്‌കൂളിലെ പതിവു കാഴ്ചയാണ്. ഓണം ഇങ്ങെത്താറായി. കുഞ്ഞു കൈകള്‍ വിരിയിച്ചെടുക്കുകയാണ് പൂക്കളം തീര്‍ക്കാനുള്ള ചെണ്ടുമല്ലിപ്പൂക്കള്‍.

തൃശൂര്‍ വടൂക്കരയിലെ ഗുരുവിജയം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മൈതാനത്ത് ഓണത്തിന് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ക്കായി മാസങ്ങള്‍ക്ക് മുന്‍പേ ചെണ്ടുമല്ലി തൈകള്‍ നട്ടു. ഇപ്പോള്‍ ഇരുന്നൂറോളം വരുന്ന തൈകളില്‍ വിരിയാന്‍ പാകത്തില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു നില്‍ക്കുന്നു. എന്നും രാവിലെയും വൈകീട്ടും കുട്ടികള്‍ തന്നെ ചെണ്ടു മല്ലി തൈകള്‍ക്ക് വെള്ളവും വളവും നല്‍കി തൊട്ടും തലോടിയും പരിപാലിക്കുന്നുവെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ബെറ്റിടീച്ചര്‍ പറയുന്നു. കുട്ടികള്‍ക്ക് ക്ലാസ് സമയത്തിന്റെ ഇടവേളകളിലും ചെറിയ തോതില്‍ പച്ചക്കറി കൃഷിയും സ്‌കൂളില്‍ നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ കുട്ടികള്‍ ചേര്‍ന്ന് കൃഷിതോട്ടത്തിലേക്കിറങ്ങുമ്പോള്‍ കുട്ടികള്‍ക്കുണ്ടാകുന്ന മാനസികോല്ലാസം അക്കാഡമിക് പഠനത്തിലും നല്ല പുരോഗതി ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുണ്ടെന്നും ബെറ്റിടീച്ചര്‍ അഭിപ്രായപ്പെട്ടു. ചെണ്ടുമല്ലി കൃഷിക്കു മുമ്പ് സ്‌കൂള്‍ അങ്കണത്തില്‍ മരച്ചീനി , തക്കാളി, പയര്‍, വെണ്ട എന്നീ പച്ചകറികളും കൃഷി ചെയ്തിരുന്നു. വിളവെടുത്ത് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് പതിവ്. പുറത്തു നിന്നും വാങ്ങുന്ന ഒരു പച്ചക്കറിയും കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. വിഷരഹിത പച്ചക്കറികള്‍ സ്വന്തമായി കുട്ടികള്‍ തന്നെ നട്ടു നനച്ച് ഉണ്ടാക്കുന്നതിലൂടെ അദ്ധ്യാനത്തിന്റെ മഹത്തായ പാഠം കൂടിയാണ് കുട്ടികള്‍ സ്വായത്തമാക്കുന്നതെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. ചെണ്ടുമല്ലി പൂക്കള്‍ ഓണം ആവുന്നതിനു മുന്‍പേ വിരിയും. സ്‌കൂളില്‍ പൂക്കളം തീര്‍ക്കാനുള്ളത് എടുത്ത് ബാക്കി പുറത്തു കൊടുത്ത് ആ പണം കുട്ടികള്‍ക്ക് ഓണ സദ്യയ്ക്ക് ഉപയോഗപ്പെടുത്താനാണ് അദ്ധ്യാപകരുടെ തീരുമാനം.

പൂക്കളം ഒരുക്കാന്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്നെത്തുന്ന പൂക്കള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് മാതൃകയാവുകയാണ് ഈ കുട്ടി കര്‍ഷകര്‍. സ്‌കൂള്‍ ലീഡര്‍ ഋത്വിക് സുധീര്‍, ആദികൃഷ്ണ, യാസിന്‍, യാഫി, അസര്‍ഷാ, കാര്‍ത്തിക്, ശ്രീധത്തന്‍, ജന്നത്ത്, എന്നീ കുഞ്ഞു വിദ്യാര്‍ത്ഥികള്‍. ഇവര്‍ക്ക് എല്ലാ പിന്തുണയും വാല്‍സല്യവും നല്‍കി പ്രിയപ്പെട്ട അദ്ധ്യാപകരായ ബെറ്റി, ശ്രീകല ,ബിന്ദു, ജമാല്‍, പ്രണത, ബെസ്സി എന്നിവരും ഒപ്പമുണ്ട്.

See also  ഇന്ന് തിരുവാതിര; വടക്കുംനാഥന് നിറചാർത്ത്

Related News

Related News

Leave a Comment