തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടനുള്ള പുരസ്‌ക്കാരം പൃഥ്വിരാജ് സുകുമാരന്‍ നേടി. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി ഉര്‍വ്വശി ബീന ആര്‍ ചന്ദ്രനുമായി പങ്കിട്ടു. മികച്ച സംവിധായകന്‍ ബ്ലെസ്സിയാണ്. കാതലാണ് മികച്ച സിനിമക്കുള്ള പുരസ്‌ക്കാരം നേടിയത്.
മികച്ച തിരക്കഥ ഉള്‍പ്പടെ നാല് പുരസ്‌കാരങ്ങള്‍ നേടി ആടുജീവിതം പുരസ്‌ക്കാരത്തില്‍ തിളങ്ങി നിന്നും. ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്‌കാരങ്ങള്‍ ആടുജീവിതം നേടി.
കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് മികച്ച നടിമാരായി ഉര്‍വശിയെ തിരഞ്ഞെടുത്തത്. ബീന ആര്‍. ചന്ദ്രന്‍ തടവ് സിനിമയിലൂടെയും പുരസ്‌ക്കാരം നേടി. ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കല്‍ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം (കാതല്‍), ജസ്റ്റിന്‍ വര്‍ഗീസ് മികച്ച സംഗീത സംവിധായകന്‍ (ചിത്രം: ചാവേര്‍).
മറ്റു പുരസ്‌കാരങ്ങൾ
മികച്ച ബാലതാരം(ആൺ)- അവ്യുക്ത് മേനോൻ (ചിത്രം-പാച്ചുവും അത്ഭുതവിളക്കും)
മികച്ച ബാലതാരം(പെൺ)- തെന്നൽ അഭിലാഷ്. (ചിത്രം- ശേഷം മൈക്കിൽ ഫാത്തിമ)
മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (ചിത്രം -കാതൽ ദി കോർ)
മികച്ച ഛായാഗ്രാഹകൻ-സുനിൽ കെ എസ് (ചിത്രം-ആടുജീവിതം)
മികച്ച തിരക്കഥാകൃത്ത് – രോഹിത് എംജി കൃഷ്ണൻ(ചിത്രം-ഇരട്ട)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – ബ്ലെസി (ചിത്രം-ആടുജീവിതം)
മികച്ച ഗാനരചയിതാവ്-ഹരീഷ് മോഹനൻ(ഗാനം: ചെന്താമരപ്പൂവിൻ-ചിത്രം: ചാവേർ)
മികച്ച സംഗീത സംവിധായകൻ(ഗാനങ്ങൾ) – ജസ്റ്റിൻ വർഗീസ് (ചെന്താമരപ്പൂവിൻ.. (ചിത്രം- ചാവേർ)
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം)- മാത്യൂസ് പുളിക്കൻ (ചിത്രം – കാതൽ ദി കോർ)
മികച്ച പിന്നണി ഗായകൻ – വിദ്യാധരൻ മാസ്റ്റർ(ഗാനം – ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോർത്തൊരു കനവിൽ)
മികച്ച പിന്നണി ഗായിക -ആൻ ആമി (ഗാനം – പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലെ തിങ്കൾപ്പൂവിൻ ഇതളവൾ)
മികച്ച ചിത്ര സംയോജകൻ – സംഗീത് പ്രതാപ് (ചിത്രം – ലിറ്റിൽ മിസ് റാവുത്തർ)
മികച്ച കലാ സംവിധായകൻ – മോഹൻദാസ് (ചിത്രം – 2018 എവരിവൺ ഈസ് എ ഹീറോ)
മികച്ച സിങ്ക് സൗണ്ട് – ഷമീർ അഹമ്മദ് (ചിത്രം – ഓ ബേബി)
മികച്ച ശബ്ദമിശ്രണം – റസൂൽപൂക്കുട്ടി, ശരത് മോഹൻ (ചിത്രം – ആടുജീവിതം)
മികച്ച ശബ്ദരൂപകൽപ്പന – ജയദേവൻ ചക്കാടത്ത്, അനിൽ രാധാകൃഷ്ണൻ (ചിത്രം – ഉള്ളൊഴുക്ക്)
മികച്ച പ്രോസസിങ് ലാബ് / കളറിസ്റ്റ് – വൈശാഖ് ശിവഗണേഷ്/ ന്യൂബ് സിറസ് (ചിത്രം -ആടു ജീവിതം)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത് അമ്പാടി (ചിത്രം – ആടുജീവിതം)
മികച്ച വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ (ചിത്രം – ഓ ബേബി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – റോഷൻ മാത്യു (ഉള്ളൊഴുക്കിലെ രാജീവ്, വാലാട്ടിയിലെ ടോമി എന്നീ കഥാപാത്രങ്ങൾ)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – സുമംഗല (ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ ഗൗരി ടീച്ചർ എന്ന കഥാപാത്രം)
മികച്ച നൃത്ത സംവിധാനം – ജിഷ്ണു (ചിത്രം – സുലൈഖ മൻസിൽ)
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് – ആടു ജീവിതം (നിർമാതാവ് – വിഷ്വൽ റൊമാൻസ്, സംവിധായകൻ – ബ്ലെസി)
മികച്ച നവാഗത സംവിധായകൻ – ഫാസിൽ റസാഖ് (ചിത്രം – തടവ്)
മികച്ച വിഷ്വൽ ഇഫക്റ്റ്സ് – ആൻഡ്രു ഡിക്രൂസ്, വിശാഖ് ബാബു (ചിത്രം – 2018)
സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് – ശാലിനി ഉഷാദേവി (ചിത്രം – എന്നെന്നും)
സുധീർ മിശ്ര ചെയർമാനും സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അളകപ്പൻ എൻ, സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, സാഹിത്യകാരൻ എൻ എസ് മാധവൻ, ആൻ അഗസ്റ്റിൻ, ശ്രീവത്സൻ ജേ മേനോൻ, മെമ്പർ സെക്രട്ടറി സി അജോയ് എന്നിവർ അംഗങ്ങളുമായ അന്തിമ വിധിനിർണയ സമിതിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങളുടെ ജേതാക്കളെ തെരെഞ്ഞെടുത്തത്. 160 ചിത്രങ്ങളാണ് അവാർഡിന്റെ പരിഗണനക്ക് സമർപ്പിക്കപ്പെട്ടത്. പ്രാഥമിക പരിശോധനക്ക് ശേഷം 38 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ഉം നവാഗത സംവിധായകരുടേതായിരുന്നുവെന്നത് മലയാള സിനിമയുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണെന്ന് ജൂറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സംവിധായകൻ പ്രിയനന്ദൻ അധ്യക്ഷനും പ്രതാപ് പി നായർ, വിനോയ് തോമസ്, ഡോ. മാളവിക ബെന്നി എന്നിവർ അംഗങ്ങളും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയുമായ ഒന്നാം സബ് കമ്മിറ്റിയുടേയും ഛായാഗ്രാഹകൻ അളകപ്പൻ ചെയർമാനും വിജയ് ശങ്കർ, ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്, സി ആർ ചന്ദ്രൻ എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ രണ്ടാം സബ് കമ്മിറ്റിയുടേയും പ്രാഥമിക വിധി നിർണയ ശേഷമാണ് ചിത്രങ്ങൾ അന്തിമവിധിനിർണയ സമിതിക്ക് മുന്നിലെത്തിയത്.
കിഷോർ കുമാറിന്റെ മഴവിൽ കണ്ണിലൂടെ മലയാള സിനിമ എന്ന കൃതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം നേടി. ഡോ. രാജേഷ് എം ആർ എഴുതിയ ‘ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ’ എന്ന ലേഖനം മികച്ച ചലച്ചിത്ര ലേഖനമായി തെരഞ്ഞെടുക്കപ്പെട്ടു. ഡോ. ജാനകി ശ്രീധരൻ ചെയർപേഴ്സണും ഡോ. ജോസ് കെ മാനുവൽ, ഡോ. ഒ കെ സന്തോഷ് എന്നിവർ അംഗങ്ങളും സി. അജോയ് മെമ്പർ സെക്രട്ടറിയുമായ സമിതിയായിരുന്നു രചനാ വിഭാഗം ജൂറി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച കുട്ടികളുടെ ചിത്രം എന്ന വിഭാഗത്തിൽ അവാർഡ് നൽകിയില്ല എന്ന് ജ്യൂറി വ്യക്തമാക്കി.
ജൂറി ചെയർമാൻ സുധീർ മിശ്ര, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, രചനവിഭാഗം ചെയർപെഴ്സൺ ഡോ. ജാനകി ശ്രീധരൻ, ജൂറി അംഗങ്ങളായ പ്രിയനന്ദനൻ, അളകപ്പൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.