തൃശൂരിലെ ഹീവാന്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഇതുവരെ ലഭിച്ച പരാതികളില്‍ നിന്നും പത്ത് കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തൃശൂര്‍ പൂങ്കുന്നം ആസ്ഥാനമാക്കി 2022ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഹീവാന്‍സ് ഫിനാന്‍സ് ലിമിറ്റഡ്, ഹീവാന്‍സ് നിധി ലിമിറ്റഡ് തുടങ്ങിയ നിക്ഷേപ കമ്പനികള്‍ക്കെതിരായാണ് പൊലീസ് അന്വേഷണം. മുഖ്യ പ്രതികളായ കെപിസിസി സെക്രട്ടറി സി. എസ്. ശ്രീനിവാസന്റെയും, പത്മശ്രീ സുന്ദര്‍ മേനോന്റെയും അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം ശക്തമാക്കിയത്.
ഇവരുടെ നേതൃത്വത്തിലായിരുന്നു കമ്പനി. നിരവധി പേരില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപം സ്വീകരിച്ചെങ്കിലും പിന്നീട് തുക മടക്കി നല്‍കാന്‍ കമ്പനി തയ്യാറായില്ലെന്നാണ് നിക്ഷേപകരുടെ പരാതി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു കമ്പനിയുടെ പ്രവര്‍ത്തനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വ്യക്തി ബന്ധങ്ങള്‍ ദുരുപയോഗം ചെയ്ത് ആളുകളെ സ്വാധീനിച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.
ഡയറക്ട്ര്‍ ബോര്‍ഡ് അംഗം ബിജു മണികണ്ഠനെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ കഴിഞ്ഞ ആഴ്ച സുന്ദര്‍ മോനോനെയും ഇന്നലെ സി. എസ്. ശ്രീനാവാസനെയും അറസ്റ്റ് ചെയ്തു. ഇതോടെയാണ് ശേഷിക്കുന്ന ആറ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഒളിവില്‍ പോയതെന്നാണ് പൊലീസ് പറയുന്നത്. ബഡ്‌സ് ആക്ട് പ്രകാരം കമ്പനി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാട്ടി മെയ് മാസം അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നഷ്ടമായ പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.