തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.
ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വാദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. ഹൈക്കോടതി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ. അത് നിയമമാണ്. എന്നാല്‍, അതിനകത്ത് വൈകാരിക ചില ഇടപെടലുകള്‍ ഉണ്ടായെങ്കില്‍, കോടതിയെ വിഷയം ധരിപ്പിക്കുന്നതിന് സാങ്കേതികമായ മാറ്റങ്ങള്‍ വരുത്തി പൂരം പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതുപോലെ നാല്, അഞ്ച് യോഗങ്ങള്‍ ഉണ്ടാകും.
പൂരം വെടിക്കെട്ട് ആസ്വദിക്കാന്‍ പുതിയ ക്രമീകരണങ്ങള്‍ വരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് കഴിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഹൈകോടതിയുടെ അനുമതി വാങ്ങണം. ഇതിനായി പുതിയ റിപ്പോര്‍ട്ട് നല്‍കും. സ്വരാജ് റൗണ്ടിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ വെടിക്കെട്ട് ആസ്വദിക്കാന്‍ ആളെ നിര്‍ത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം പരിശോധിച്ച് പുതിയ റിപ്പോര്‍ട്ട് നല്‍കും. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നും പൊതുജനങ്ങള്‍ക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.