തൃശൂരില്‍ സാമ്പത്തിക തട്ടിപ്പില്‍ നടപടി. അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയ തൃശൂര്‍ ചെട്ടിയങ്ങാടി ധനവ്യവസായ ബാങ്കേഴ്സിന്റെ സ്വത്തുക്കള്‍ താത്കാലികമായി ജപ്തി ചെയ്യാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ ആകെ 125ല്‍ 120 കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.
നിക്ഷേപകര്‍ തുടര്‍ച്ചയായി പണം തിരികെ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാത്തതിനാലാണ് ജപ്തി നടപടി. ജപ്തി സ്ഥിരപ്പെടുത്താന്‍ തുടര്‍നടപടികളെടുക്കും. സ്ഥാപനത്തിന്റെയും ഉടമകളുടെയും മറ്റു പ്രതികളുടെയും പേരിലുള്ള എല്ലാ സ്വത്തുക്കകളും ജപ്തി ചെയ്യും. പ്രതികളുടെ പേരില്‍ ജില്ലയിലുള്ള എല്ലാ സ്വത്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങി.ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടര്‍ന്നുള്ള വില്‍പ്പന നടപടികള്‍ താത്കാലികമായി മരവിപ്പിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ നിരവധി പേര്‍ പരാതി നല്‍കിയിരുന്നു. മുന്നൂറിലേറെ പേര്‍ കബളിപ്പിക്കപ്പെട്ടെന്നാണ് ആക്ഷേപം.
നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികള്‍ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലര്‍ക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയെത്തിയിരുന്നു. തൃശൂര്‍ വടൂക്കര സ്വദേശിയാണ് സ്ഥാപന ഉടമ ജോയ് പാണഞ്ചേരി. ഭാര്യ റാണിയും മക്കളും ഡയറക്ടര്‍മാരാണ്. നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായെത്തിയതിന് പിന്നാലെ ജോയിയും കുടുംബവും മുങ്ങിയിരുന്നു.