കൊച്ചി (Kochi) : ഓൺലൈനായി വാങ്ങിയ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലെ വാച്ച് നൽകിയ ഓൺലെൻ സ്ഥാപനത്തിന് പിഴവിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഓൺലൈൻ സ്ഥാപനം ഉപഭോക്താവിന് ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചിലവും നൽകണമെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് ബാഗ്ലൂരിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
വില്പന വർദ്ധിപ്പിക്കുന്നതിനും അമിത ലാഭത്തിനുമായി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി പറഞ്ഞു. അശ്രദ്ധയും കബളിപ്പിക്കൽ മൂലവും പരാതിക്കാരന് ഏറെ മനപ്രയാസവും ബുദ്ധിമുട്ടുകളും ഉണ്ടാക്കിയ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.
ബന്ധുവിന്റെ വിവാഹ ചടങ്ങിന് അണിയാനാണ് കറുത്ത നിറത്തിലുള്ള സ്മാർട്ട് വാച്ച് പരാതിക്കാരൻ ഓൺലൈനിലൂടെ ഓർഡർ ചെയ്തത്. 3999 രൂപ ഗൂഗിൾ പേ വഴി നൽകി. പറഞ്ഞ ദിവസം തന്നെ കൊറിയറിൽ വാച്ച് ലഭിച്ചു. ബോക്‌സ് തുറന്നപ്പോൾ കറുത്ത വാച്ചിന് പകരം പിങ്ക് നിറത്തിലുള്ള സ്മാർട്ട് വാച്ചാണ് ലഭിച്ചത്. ബോക്‌സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിർകക്ഷിക്ക് പരാതി നൽകി. യാതൊരു നടപടിയും ഉണ്ടായില്ല. തുടർന്ന് സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻസ്റ്റഗ്രാം പേജ് വഴി പരാതി നൽകി. 24 മണിക്കൂറിനകം പരാതി പരിഹരിക്കാം എന്ന് മറുപടി ലഭിച്ചു. ഫലമുണ്ടായില്ല. ഇതിനുപിന്നാലെയാണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.