ഷാജഹാൻപൂർ (Shajanpur) : കോഴിയിറച്ചി പാചകം ചെയ്യാൻ ആവശ്യപ്പെട്ട ഭർത്താവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് ഭാര്യ കൊലപ്പെടുത്തി .ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ റോജ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സത്യപാൽ എന്ന 40 കാരനാണ് കൊല്ലപ്പെട്ടത് .
സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ഗായത്രി ദേവി (39) നെ പൊലീസ് അറസ്റ്റ് ചെയ്തു . സസ്യഭുക്കായിരുന്ന ഗായത്രിയോട് സത്യപാൽ നോൺ വെജിറ്റേറിയൻ ഭക്ഷണം തയ്യാറാക്കാൻ പലപ്പോഴും ആവശ്യപ്പെടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക് പതിവായിരുന്നു.
കഴിഞ്ഞ ദിവസവും സത്യപാൽ വീണ്ടും സസ്യേതര ഭക്ഷണം ആവശ്യപ്പെട്ടു. ഗായത്രി വിസമ്മതിച്ചതോടെ വാക്കു തർക്കമുണ്ടായി . വഴക്കിനിടെ ഗായത്രി ഇഷ്ടിക എടുത്ത് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. സത്യപാൽ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴെ തള്ളിയിടുകയും ഇഷ്ടികകൊണ്ട് തലയിൽ ഇടിക്കുകയുമായിരുന്നു.
ഗായത്രി നേരത്തെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് സത്യപാലിന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ യുവതിക്ക് ഇപ്പോഴും മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചനയുണ്ട്.