തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണത്തില്‍ കൊല്ലെപ്പട്ടത് പോത്തന്‍കോടിനെ വിറപ്പിച്ചിരുന്ന കൊടുംക്രിമിനല്‍. കൊലപാതകം ഉള്‍പ്പെടെ വെട്ടുകത്തി ജോയിയുടെ പേരില്‍ 12 കേസുകളുണ്ട്. വെട്ടേറ്റ് മൂന്നു മണിക്കൂറോളം റോഡിൽ രക്തത്തിൽ കുളിച്ചു കിടന്ന ജോയിയെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. അമിതമായി രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു. വെട്ടേറ്റ് ജോയി ഏറെ നേരം റോഡില്‍ കിടന്നിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തും വരെ ഭയത്താല്‍ ആരും ജോയിയുടെ അടുത്തു പോലും പോയില്ല.
കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.