മുംബൈ (Mumbai) : റെയിൽവേ സ്റ്റേഷനിൽ എത്തിച്ച സ്യൂട്ട് കേസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യ റുക്സാന അറസ്റ്റിലായി.
യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാനയുടെ പദ്ധതി. ഇതിനായി ഇരുവരും അറസ്റ്റിലായ ശിവജിത് സുരേന്ദ്ര സിങ്ങുമൊത്ത് ഗൂഢാലോചന നടത്തിയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ മുംബൈയിലെ പൈധുണിയിലെ വീട്ടിലേക്ക് അർഷാദിനെ വിളിച്ചുവരുത്തിയ ചൗഡ മദ്യം നൽകിയ ശേഷം തലയ്ക്കടിച്ചും കത്തി ഉപയോഗിച്ചും കൊലപ്പെടുത്തുകയായിരുന്നു. വിഡിയോ ചിത്രീകരിച്ച് വിദേശ സുഹൃത്തിന് ചൗഡ അയച്ചുകൊടുത്തതായും പൊലീസ് കണ്ടെത്തി. മൃതദേഹം സ്യൂട്ട്കേസിലാക്കി വിജനമായ സ്ഥലത്ത് ഉപേക്ഷിക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചെങ്കിലും രക്തം കണ്ട പൊലീസുകാരന്റെ സംശയമാണു കൊലപാതകം പുറത്തറിയാൻ കാരണമായത്.
കൊല്ലപ്പെട്ട അർഷാദ്, അറസ്റ്റിലായ ജയ് ചൗഡ, ശിവജിത് സുരേന്ദ്ര സിങ് എന്നിവരും റുക്സാനയും ശ്രവണ–സംസാര ശേഷിയില്ലാത്തവരാണ്. ഭിന്നശേഷിക്കാർക്കായുള്ള പരിപാടിക്കിടെയാണു നാലുപേരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. സംഭവസ്ഥലത്തുനിന്ന് ചൗഡയെ പിടികൂടിയ പൊലീസ്, രക്ഷപ്പെട്ട സിങ്ങിനെ ഉല്ലാസ്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിന്നീട് അറസ്റ്റ് ചെയ്തത്.