രാജ്യത്തിന് അഭിമാനായി പി ആർ ശ്രീജേഷ് ; പാരീസ് ഒളിംപിക്സിൽ വെങ്കല നേട്ടത്തോടെ വിരമിയ്ക്കൽ ;വിജയത്തിൽ ആഘോഷവുമായി കുടുംബവും മലയാളികളും

Written by Taniniram

Published on:

ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറായ മലയാളിയുമായ പി ആര്‍ ശ്രീജേഷ് പടിയിറങ്ങുന്നു. പാരിസ് ഒളിപിക്‌സില്‍ രാജ്യത്തിനായി വെങ്കല്‍ മെഡല്‍ നേടിയ ശേഷമാണ് വിരമിക്കല്‍. രാജ്യത്തിന്റെ ഒറച്ച കാവലാളായി ഗോള്‍മുഖത്ത് ഒന്നര ദശാബ്ദത്തോളം നിറസാന്നിധ്യമായിരുന്ന പി ആര്‍ ശ്രീജേഷ്. സന്തോഷം കൊണ്ട് തുളളിച്ചാടുകയായിരുന്നു ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും കുട്ടികളുമെല്ലാം.

മലയാളികളുടെ അഭിമാനമായ പി.ആര്‍.ശ്രീജേഷിന്റെ അച്ഛന്‍ പി.വി.രവീന്ദ്രന്‍ അമ്മ ഉഷയെ ചേര്‍ത്തു പിടിച്ചു. അരികെ വാക്കുകള്‍ കിട്ടാതെ ഭാര്യ അനീഷ്യയും മക്കളായ ശ്രീയാന്‍ഷും അനുശ്രീയും. എറണാകുളം കിഴക്കമ്പലത്തെ വീടു നിറഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളുടേയും അയല്‍ക്കാരുടേയും നാട്ടുകാരുടേയും ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ശ്രീജേഷിന്റെ അവസാന മത്സരമായിരുന്നെങ്കിലും ഒളിംപിക്സില്‍ മെഡല്‍ നേട്ടത്തോടെയാണ് ആ വിരമിക്കല്‍ എന്നത് കുടുംബത്തെ സംബന്ധിച്ചിടത്തോളം ഏറെ മധുരതരമായി.

1980ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ശേഷം വിസ്മൃതിയിലാണ്ടു പോയ ഇന്ത്യന്‍ ഹോക്കിയുടെ തിരിച്ചുവരവിന്റെ കഥയില്‍, നായകതുല്യമായ സ്ഥാനത്തുണ്ട് ഈ മലയാളി ഗോള്‍കീപ്പര്‍. 2020 ടോക്കിയോ ഒളിംപിക്‌സില്‍ 41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വെങ്കലവുമായി ഇന്ത്യ മെഡല്‍പ്പട്ടികയില്‍ വീണ്ടും ഇടംപിടിച്ചപ്പോള്‍, നാലു വര്‍ഷങ്ങള്‍ക്കിപ്പുറം പാരിസില്‍ അതു നിലനിര്‍ത്തുമ്പോള്‍, അതിനു പിന്നില്‍ ഈ മലയാളി ഗോള്‍കീപ്പറുടെ അധ്വാനം വിലമതിക്കാനാകാത്തതാണ്. ഈ ഒളിംപിക്‌സോടെ കളമൊഴിയുമെന്ന് പ്രഖ്യാപിച്ച ശ്രീജേഷിനുള്ള ടീം ഇന്ത്യയുടെ യഥാര്‍ഥ സമര്‍പ്പണമാണ് സ്‌പെയിനെതിരെ പൊരുതി നേടിയവിജയവും ഒപ്പം ലഭിക്കുന്ന വെങ്കലവും. ഇതിനൊപ്പം, ഒളിംപിക്‌സില്‍ രണ്ടു മെഡല്‍ നേടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൂടി കുറിച്ചാണ് ശ്രീജേഷിന്റെ മടക്കം.

Leave a Comment