തിരുവനന്തപുരം (Thiruvananthapuram) : കർക്കടക മാസത്തിലെ നിറപുത്തരി ചടങ്ങ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 12ന് രാവിലെ 5.45നും 6.30നും ഇടയിൽ നടക്കും. പദ്മതീർത്ഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്ന് തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന കതിർകറ്റകൾ കിഴക്കേനാടകശാല മുഖപ്പിൽ ആഴാതി പുണ്യാഹം ചെയ്തശേഷം ശീവേലിപ്പുരയിലൂടെ പ്രദക്ഷിണം വച്ച് അഭിശ്രവണ മണ്ഡപത്തിൽ ദന്തം പതിപ്പിച്ച സിംഹാസനത്തിൽ വയ്ക്കുകയും അവിടെ പെരിയനമ്പി കതിർപൂജ നിർവഹിച്ചശേഷം ശ്രീപദ്മനാഭസ്വാമിയുടെയും മറ്റ് ഉപദേവന്മാരുടെയും ശ്രീകോവിലുകളിൽ കതിർ നിറയ്ക്കുകയും ചെയ്യും.
തുടർന്ന് അവിൽ നിവേദ്യവും നടക്കും.ഇതിലേക്കുള്ള കതിരുകൾ നഗരസഭയുടെ പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം കൃഷി ചെയ്ത് മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിക്കും.കൂടാതെ,പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തിൽ നിന്ന് കൊണ്ടുവരുന്ന കതിരുകളും നിറപുത്തരിക്കായി ഉപയോഗിക്കും.നിറപുത്തരിയോട് അനുബന്ധിച്ചുള്ള അവിലും കതിരും ക്ഷേത്രത്തിന്റെ എല്ലാ കൗണ്ടറുകളിൽ നിന്നും 50 രൂപ നിരക്കിൽ വാങ്ങുന്നതിനും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.