കെ. ആര്‍. അജിത
തൃശൂര്‍ : പനിമതി മുഖിബാലേ…പദ്മനാഭ നി..ന്നെന്നെ….എല്ലാം മറന്ന് വേദിയില്‍ ബിന്ദു ടീച്ചര്‍ ലാസ്യഭാവത്തില്‍ നിറഞ്ഞാടി. കുഞ്ഞിലേ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തിന്റെ സാക്ഷാല്‍ക്കാരം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം. ചിയ്യാരം സ്വദേശിനിയായ ബിന്ദു ടീച്ചര്‍ക്ക് നൃത്തം ജീവനാണ്. ചെറുപ്പത്തില്‍ നൃത്തം പഠിക്കാനുള്ള സാഹചര്യം വീട്ടില്‍ ഉണ്ടായിരുന്നില്ല. വിവാഹശേഷം അദ്ധ്യാപികയായി ഒല്ലൂര്‍ സെന്റ് റാഫേല്‍ സ്‌ക്കൂളില്‍ എത്തിയപ്പോഴും നൃത്തം എന്ന മോഹം മനസ്സില്‍ കൂടൊരുക്കി.

യുവജനോല്‍സവ വേദികളില്‍ ഡ്യൂട്ടി ലഭിക്കുമ്പോഴും ടീച്ചര്‍ മോഹിനിയാട്ട വേദി ചോദിച്ചു വാങ്ങി മനസ്സിലും കണ്ണുകളിലും മോഹിനിയാട്ടത്തിന്റെ ലാസ്യത നിറച്ചു. രണ്ടു പെണ്‍മക്കള്‍ വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരില്‍ പോയപ്പോള്‍ മക്കള്‍ തന്നെ അമ്മയുടെ ആഗ്രഹം പോലെ നൃത്തം പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്നന്നും കല മനസ്സിനെ വിശുദ്ധീകരിക്കുമെന്നും ടീച്ചര്‍ പറയുന്നു. അരണാട്ടുകര ചിലങ്ക നൃത്ത വേദിയിലെ ഗുരു സീന ബാബുവിന്റെ കീഴില്‍ നൃത്ത പഠനം ആരംഭിച്ചു. അതിനു മുന്‍പ് ടീച്ചര്‍ അസുഖബാധിതയായി അമല ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
അമല ഡയറക്ടര്‍ ഫാ. ജൂലിയസ് ബിന്ദു ടീച്ചറുടെ ആഗ്രഹം മനസ്സിലാക്കി നൃത്തം പഠനം തുടങ്ങണമെന്ന് സ്‌നേഹത്തോടെ പറഞ്ഞതും ടീച്ചര്‍ക്ക് നൃത്ത പഠനം ആരംഭിക്കാന്‍ പ്രോത്സാഹനമായി. നൃത്ത പഠനം തുടങ്ങിയപ്പോള്‍ കാലില്‍ ഉണ്ടായിരുന്ന അസുഖവും മാറിയതായി ടീച്ചര്‍ പറയുന്നു. അടുത്തിടെയാണ് ടീച്ചര്‍ സോഷ്യോളജിയില്‍ ബിരുദാനന്തരബിരുദം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കരസ്ഥമാക്കിയത്. അരങ്ങേറ്റം കഴിഞ്ഞെങ്കിലും ഇപ്പോഴും നൃത്ത പഠനം തുടരുകയാണ് ടീച്ചര്‍ക്ക് അതിന് സര്‍വ്വ പിന്തുണയും നല്‍കി ഭര്‍ത്താവ് പോളും മക്കളും ഒപ്പം ചേര്‍ന്നു നില്‍ക്കുന്നു.