ന്യൂഡല്‍ഹി (Newdelhi) : മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
കൊല്‍ക്കയിലെ വീട്ടില്‍ ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. 2001ലും 2006ലും തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് ഇടതുമുന്നണിയെ ബംഗാളില്‍ അധികാരത്തിലെത്തിച്ചു. 2000 മുതല്‍ 2011 വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ല്‍ പാര്‍ട്ടിച്ചുമതലകളില്‍നിന്നു രാജിവച്ചിരുന്നു. 2019 ഫെബ്രുവരിക്കു ശേഷം പൊതുപരിപാടികളിലും പങ്കെടുത്തിരുന്നില്ല.
ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളില്‍ ജ്യോതി ബസുവിന്റെ പിന്‍ഗാമിയായി 2000ല്‍ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തിയെങ്കിലും 2011ല്‍ കനത്ത പരാജയം നേരിട്ടു. ഉത്തര കൊല്‍ക്കത്തയില്‍ 1944 മാര്‍ച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡന്‍സി കോളജില്‍നിന്നു ബിരുദം നേടി. 1968ല്‍ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ (ഡിവൈഎഫ്‌ഐ ) ബംഗാള്‍ സെക്രട്ടറിയായ അദ്ദേഹം 1971ല്‍ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ല്‍ കേന്ദ്ര കമ്മിറ്റി അംഗവുമായി.