​ഗുഡ് ബൈ റസ്സലിങ് , സ്വപ്നങ്ങൾ തകർന്നു , അയോഗ്യതക്ക്‌ പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്

Written by Taniniram

Updated on:

 ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഒളിമ്പിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെയാണ് വിനേഷിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഗുഡ് ബൈ റസ്ലിങ്ങ് എന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വിനേഷ് വ്യക്തമാക്കി. ഇനി മത്സരിക്കാന്‍ ശക്തിയില്ലെന്നും വിനേഷ് കുറിച്ചു. സ്വപ്നങ്ങള്‍ തകര്‍ന്നെന്നും ഇനി കരുത്ത് ബാക്കിയില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്‌സില്‍ കുറിച്ചു.

പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ ഫൈനലിന് മുന്നോടിയായുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ട് അയോഗ്യയായ സംഭവത്തില്‍ കടുത്ത നിരാശയിലായിരുന്നു വിനേഷ്. അയോഗ്യയാക്കിയ കായിക തര്‍ക്ക പരിഹാര കോടതിയിലാണ് അവര്‍ അപ്പീല്‍ നല്‍കിയിരുന്നു. സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്.

50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്സിലെ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്സാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്‌നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത് (50).

Leave a Comment