വിവാദങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍.
ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ 1 ലക്ഷം കൊടുക്കാം എന്ന് അഖില്‍ മാരാര്‍ നേരത്തെ പറഞ്ഞിരുന്നു. ദുരിതാശ്വാസ നിധിയിലെ ഫണ്ട് വിതരണത്തില്‍ അഖില്‍ മാരാര്‍ ചില സംശയങ്ങള്‍ ഉന്നയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. എന്നാല്‍ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താന്‍ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകള്‍ വെച്ചു നല്‍കും എന്നുപറഞ്ഞു. കണക്കുകള്‍ ആറുമാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാന്‍ തയ്യാറാണ് എന്ന് അന്നുതന്നെ താന്‍ പറഞ്ഞിരുന്നു. താനുയര്‍ത്തിയ സംശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖില്‍ പറയുന്നു.