Saturday, October 18, 2025

പാപ്പി ഉരുൾ എടുത്തുപോയ അമ്മയെ കാത്തിരിക്കുന്നു…

Must read

കല്‍പ്പറ്റ (Kalppatta) : ‘നീതുവിനെ ഇനി ജീവനോടെ കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല. മൃതദേഹമെങ്കിലും കിട്ടിയിരുന്നെങ്കില്‍…’ പാതിയില്‍ വാക്കുമുറിഞ്ഞ് ജോജോ വി.ജോസഫ് വിതുമ്പി. മാതാപിതാക്കളെയും ഏകമകനെയും ഉരുളിനു വിട്ടുകൊടുക്കാതെ സുരക്ഷിതരാക്കിയെങ്കിലും പ്രിയതമ നീതുവിനെ മാത്രം ജോജോയ്ക്ക് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാനായില്ല. പാലവയലിലെ കുടുംബവീട്ടിലാണ് ജോജോയും അച്ഛന്‍ ജോസഫും ഏകമകന്‍ ആറുവയസുകാരന്‍ പാപ്പിയുമുള്ളത്. ഉരുള്‍ തകര്‍ത്ത കൈയുമായി അമ്മ ഓമന മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൂരല്‍മല ഹൈസ്‌കൂളിനു തൊട്ടടുത്താണ് ജോജോയുടെ വീട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരല്‍മലയില്‍ ആദ്യ ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തൊട്ടടുത്ത രണ്ടുമൂന്നു വീടുകളില്‍ വെള്ളം കയറിയതോടെ അവരൊക്കെ അടച്ചുറപ്പുള്ള ജോജോയുടെ വീട്ടില്‍ അഭയം തേടി. വീട്ടിലെ വലിയ ഹാളിലായിരുന്നു ജോജോയും അച്ഛനും അമ്മയും മകനും. അയല്‍വീട്ടുകാരില്‍ ചിലര്‍ ഹാളിലും തൊട്ടടുത്ത നീതുവിന്റെ മുറിയിലുമുണ്ടായിരുന്നു. ആദ്യത്തെ ഉരുള്‍പൊട്ടലില്‍ അയല്‍വീട്ടിലെ കാര്‍ ഉള്‍പ്പെടെ ഒഴുകിവന്ന് ജോജോയുടെ വീടിന്റെ ചുമരില്‍ തങ്ങി. പുലര്‍ച്ചെ നാലുമണിയോടെയാണ് അതിഭീകര ശബ്ദത്തില്‍ രണ്ടാമത്തെ ഉരുള്‍പൊട്ടിയത്. ഒപ്പം വീട്ടിനകത്തേക്ക് കുത്തിയൊലിച്ച് പെരുവെള്ളമെത്തി.

വന്‍മരങ്ങളും കൂറ്റന്‍ പാറക്കല്ലുകളും വീട്ടുചുമരില്‍ അതിശക്തിയില്‍ വന്നിടിക്കുന്നുണ്ടായിരുന്നു. മുട്ടിനുമേല്‍ വെള്ളമെത്തിയതോടെ വീട്ടിലെ സോഫയും കട്ടിലുമൊക്കെ ഒഴുകിപ്പോകാന്‍ തുടങ്ങി. ഉടന്‍ ജോജോ അച്ഛനെ സോഫയില്‍ ഇരുത്തി. വീണ്ടും ചെളിവെള്ളം ഇരച്ചെത്തിയപ്പോള്‍ അമ്മ അടിതെറ്റി വീണു. ഒലിച്ചുപോകാതിരിക്കാന്‍ അവര്‍ ഹാളിലുണ്ടായിരുന്ന ഫ്രിഡ്ജില്‍ പിടിച്ചെങ്കിലും അതും കുത്തൊഴുക്കില്‍ പെട്ടു. മുന്‍വാതിലിലൂടെ ഓമന ഒഴുകാന്‍ തുടങ്ങിയതോടെ എങ്ങനെയെല്ലാമോ ജോജോ അവരെ അകത്തേക്കു വലിച്ചുകയറ്റി. ഈ സമയം മകന്‍ നിലയില്ലാവെള്ളത്തില്‍ പെട്ടതോടെ ജോജു ഹാളിലെ വലിയ കര്‍ട്ടന്‍ വലിച്ചുകീറി നെഞ്ചില്‍ കെട്ടി അവനെ അതിനകത്താക്കി. ഒട്ടും വൈകാതെ അച്ഛനെയും അമ്മയെയും ഇരുകൈകളിലും താങ്ങി എങ്ങനെയല്ലാമോ പുറത്തുകടന്ന് തൊട്ടടുത്ത വീടിന്റെ ടെറസിലെത്തിച്ചു. അടുത്ത ക്ഷണം ജോജോ വീട്ടിലേക്ക് കുതിച്ചെങ്കിലും നീതു ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന മുറി ഉരുളെടുത്തിരുന്നു. മുന്നില്‍ കൂരാക്കൂരിരുട്ടും നിലയില്ലാ വെള്ളവും മാത്രം. അത്രമേല്‍ നിസ്സഹായനായിപ്പോകുന്നത് പറഞ്ഞു തീരുമ്പോള്‍ ജോജുവിന്റെ വാക്കുകള്‍ വീണ്ടും തൊണ്ടയില്‍ കുരുങ്ങി.

പിറ്റേന്ന് രക്ഷാപ്രവര്‍ത്തകരുടെ തിരച്ചിലില്‍ അയല്‍വാസി ശ്രീലേഷിന്റെയും മറ്റ് രണ്ടു സത്രീകളുടെയും മൃതദേഹം ജോജോയുടെ വീടിനു തൊട്ടുതാഴെ നിന്ന് കണ്ടെത്തി. മൂന്നു ദിവസമായി തുടരുന്ന തിരച്ചിലിലും നീതുവിനെയും മറ്റ് അയല്‍വാസികളെയും കണ്ടെത്താനായില്ല.

മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരിയാണ് നീതു. അമ്മ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ബന്ധുവീട്ടില്‍ കാത്തുകാത്തിരിപ്പാണ് പാപ്പി.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article