കൊല്ലം (Quilon) : മെമു ട്രെയിനുകളുടെ പരിഷ്കരിച്ച പതിപ്പായ വന്ദേ മെട്രോയുടെ രാജ്യത്തെ പ്രഥമ ട്രയൽ റൺ നാളെ ചെന്നൈയിൽ നടക്കും. ചെന്നൈ ബീച്ച് ജംഗ്ഷൻ സ്റ്റേഷൻ മുതൽ കാട്പാടി ജംഗ്ഷൻ സ്റ്റേഷൻ വരെയാണ് പരീക്ഷണ ഓട്ടം. റെയിൽവേയുടെ ചീഫ് സേഫ്റ്റി കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ട്രയൽ റണ്ണിന് നേതൃത്വം നൽകും. രാജ്യത്ത് ഹ്രസ്വദൂര റൂട്ടുകളിൽ വേഗമേറിയ വന്ദേ മെട്രോകൾ ഓടിത്തുടങ്ങുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷയ്ക്ക് വകയുണ്ട്.
സംസ്ഥാനത്ത് 10 റൂട്ടുകളിൽ വന്ദേ മെട്രോകൾ സർവീസ് ആരംഭിക്കാൻ റെയിൽവേ തയാറെടുക്കുന്നതായാണ് വിവരം.ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് നാളെ രാവിലെ 9.30 ന് ട്രയൽ റൺ ആരംഭിക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള സംഘം 10.10 ന് വില്ലിവാക്കം സ്റ്റേഷനിൽ നിന്ന് കയറും. തുടർന്ന് 10.15 ന് അവിടുന്ന് പുറപ്പെടുന്ന പരീക്ഷണ വണ്ടി 11.15 ന് കാട്പാടി സ്റ്റേഷനിൽ എത്തും. തിരികെ ഉച്ചയ്ക്ക് 12.15 ന് കാട്പാടിയിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് രണ്ട് ചെന്നൈ ബീച്ച് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് ട്രയൽ റൺ ക്രമീകരിച്ചിട്ടുള്ളത്.
അതേ സമയം രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ ഈ റൂട്ടി ലായിരിക്കുമോ സർവീസ് ആരംഭിക്കുക എന്ന കാര്യത്തിൽ റെയിൽവേ മന്ത്രാലയം അന്തിമ തീരുമാനം എടുത്തിട്ടില്ല. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ കഴിഞ്ഞ മാസം വികസിപ്പിച്ചെടുത്ത വന്ദേ മെട്രോയിൽ 12 കോച്ചുകളാണ് ഉള്ളത്. ഏല്ലാം ഏസി കോച്ചുകളാണ്.മണിക്കൂറിൽ 130 കിലോമീറ്ററാണ് വേഗത. 200 മുതൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനുള്ള ശേഷിയും ഇവയ്ക്കുണ്ട്.
വന്ദേ മെട്രോ ട്രെയിനിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല. ഓരോ കോച്ചുകളിലും 100 പേർക്ക് ഇരിക്കാം. 200 പേർക്ക് നിൽക്കാൻ സൗകര്യത്തിന് സ്റ്റാൻ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഇരട്ട വാതിലുകളും ക്രമീകരിച്ചിട്ടുണ്ട്.ഹ്രസ്വദൂര സർവീസ് ആയതിനാൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഉണ്ടാകില്ല. സാധാരണ പാസഞ്ചർ സർവീസുകളിലേത് പോലെ അതത് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് എടുക്കണം. പ്രധാന സ്റ്റേഷനുകളിൽ എല്ലാം സ്റ്റോപ്പുണ്ടാകും.
ടിക്കറ്റ് നിരക്കുകളും അന്തിമമായി തീരുമാനിച്ചിട്ടില്ല. മുന്തിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ സൂപ്പർ ഫാസ്റ്റ് ചാർജ് ഏർപ്പെടുത്താനാണ് സാധ്യത.കേരളത്തിൽ എറണാകുളം – കോഴിക്കോട്, തിരുവനന്തപുരം-എറണാകുളം, കോഴിക്കോട് -പാലക്കാട്, കോട്ടയം – പാലക്കാട്, എറണാകുളം – കോയമ്പത്തൂർ, ഗുരുവായൂർ – മധുര, കൊല്ലം – തിരുനെൽവേലി, കൊല്ലം – തൃശൂർ, കോഴിക്കോട് – മംഗലാപുരം, നിലമ്പൂർ- മേട്ടുപ്പാളയം എന്നീ റൂട്ടുകളാണ് വന്ദേ മെട്രോ സർവീസ് നടത്താൻ പരിഗണനയിലുള്ളത്.