ധനത്തിന്റെ ദേവതയായ ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കാൻ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നാണ് ഹൈന്ദവ വിശ്വാസം. വാസ്തു ശാസ്ത്രപ്രകാരവും വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് പോസിറ്റീവ് എനർജി നിലനിർത്താൻ സഹായിക്കും. വീട് വൃത്തിയാക്കുന്നതിനായി നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ചൂൽ.
വാസ്തു ശാസ്ത്രത്തിൽ ചൂലിന് വളരെ പ്രാധാന്യമുണ്ട്. വീട്ടിൽ ചൂൽ വയ്ക്കുന്ന ദിശ, ഉപയോഗം, വാങ്ങുന്ന ദിവസം, പഴയ ചൂൽ ഉപേക്ഷിക്കേണ്ട ദിവസം എന്നീ കാര്യങ്ങളും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനാൽ ചൂലുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ അറിയാം.
വാങ്ങാൻ അനുയോജ്യമായ ദിവസം
നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ചൂല്‍ പഴകിയാല്‍ ഉടന്‍തന്നെ അത് മാറ്റി പുതിയത് വാങ്ങണം. എന്നാല്‍, പുതിയ ചൂല്‍ ശനിയാഴ്ച്ച തന്നെ വാങ്ങാന്‍ ശ്രമിക്കുക. വാസ്തു ശാസ്ത്ര പ്രകാരം ചൂല്‍ വാങ്ങാന്‍ ശനിയാഴ്ച വളരെ ശുഭകരമായ ദിവസമാണ്. ചൊവ്വാഴ്ചയും ചൂല്‍ വാങ്ങാന്‍ ഉചിതമാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ലക്ഷ്മിദേവിയുടെ കൃപ എപ്പോഴും ലഭിക്കുകയും ചെയ്യും. കൃഷ്ണപക്ഷത്തിൽ ചൂൽ വാങ്ങുന്നതും ഉത്തമമാണ്.
വാങ്ങാൻ പാടില്ലാത്ത ദിവസം
പുതിയ ചൂൽ വാങ്ങുമ്പോൾ, ഹിന്ദു കലണ്ടർ പ്രകാരമുള്ള തീയതിയെക്കുറിച്ചും പ്രത്യേകതകളും അറിഞ്ഞ് വേണം വാങ്ങാൻ. ശുക്ല പക്ഷത്തിൽ അബദ്ധത്തിൽ പോലും വീട്ടില്‍ പുതിയ ചൂൽ വാങ്ങരുതെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. അങ്ങനെ ചെയ്താൽ അത് ദൗര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും.
പഴയ ചൂൽ ഉപേക്ഷിക്കേണ്ട ദിവസം
വ്യാഴവും വെള്ളിയും പഴയ ചൂല്‍ ഉപേക്ഷിച്ചാല്‍ ചൂലിനൊപ്പം ലക്ഷ്മിദേവിയും വീട്ടില്‍ നിന്നും പോകുന്നു എന്നാണ് വിശ്വാസം. കാരണം, ഈ രണ്ടു ദിവസങ്ങള്‍ യഥാക്രമം മഹാവിഷ്ണുവുമായും ലക്ഷ്മിദേവിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
ചൂൽ വയ്ക്കേണ്ട ദിശ
വാസ്തു ശാസ്ത്രത്തിൽ ചൂൽ സൂക്ഷിക്കേണ്ട ദിശയും അത് പ്രയോഗിക്കാനുള്ള സമയവും പറയുന്നുണ്ട്. ചൂൽ ശരിയായി ഉപയോഗിക്കുകയും വീട്ടില്‍ ശരിയായ ദിശയില്‍ സൂക്ഷിക്കുകയും ചെയ്താല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ചൂല്‍ ഉപയോഗിച്ച ശേഷം നിങ്ങളുടെ വീട്ടിൽ പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. ഉപയോഗശേഷം ആരുടെയും ദൃഷ്ടി പതിയാത്ത സ്ഥലത്ത് സൂക്ഷിക്കണം. ചൂൽ എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിച്ച് വയ്ക്കരുത്. കൂടാതെ, ചൂലില്‍ ഒരിക്കലും ചവിട്ടരുത്. കാലും ചൂലും തമ്മില്‍ സ്പര്‍ശനമുണ്ടാകരുത്. അതേപോലെ, ഒരിക്കലും ചൂലിനെ മറികടക്കരുത്. വാസ്തു ശാസ്ത്രമനുസരിച്ച് ഇത്തരം പ്രവൃത്തികളില്‍ ലക്ഷ്മി ദേവിയുടെ കോപം വരുത്തി വയ്ക്കും.