വയനാട് ഉരുൾപൊട്ടലിൽ നിരവധി പേരുടെ മരണത്തിനു ഇടയാക്കിയ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ളവരെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ദുരിത ബാധിതർക്ക് ആശ്വാസം പകരാൻ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരുടെയും സന്നദ്ധ പ്രവർത്തകരുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ധീരതയെയും അർപ്പണ ബോധത്തെയും അഭിനന്ദിച്ചാണ് താരത്തിന്റെ വാക്കുകൾ.
സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇതിനു മുൻപും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ടെന്നും ഈ ദുഷ്കരമായ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഐക്യത്തിൻ്റെ ശക്തി കാണിക്കാനും താൻ പ്രാർത്ഥിക്കുന്നുവെന്നും താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇതിന്റെ കൂടെ രക്ഷദൗത്യത്തിൽ പങ്കുചേർന്ന സൈന്യത്തിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
അതേസമയം വയനാടിന് സഹായവുമായി മമ്മൂട്ടിയും ദുൽഖൽ സൽമാനും രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയുമാണ് നൽകിയത്. തുക മന്ത്രി പി. രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്തു.