മുണ്ടൈക്കയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 21 ഓളം മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. ചാലിയാര്‍ പുഴയില്‍ നിന്നാണ് ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇത് ദുരന്തത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ്. ഒരു പ്രദേശം മുഴുവനാണ് ഉരുള്‍പൊട്ടി കാണാതായത്.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്തെ കാഴ്ചകള്‍ ഭീകരമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുള്‍പൊട്ടലിന് പിന്നാലെ ഒരു പ്രദേശം തന്നെ കാണാനില്ലെന്ന് നാട്ടുകാരനായ മാധ്യമങ്ങളോട് പറഞ്ഞു. ‘പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്.അവരെല്ലാം മണ്ണിനടിയിലാണ്. ഹെലികോപ്ടറിനല്ലാതെ ഒന്നും ചെയ്യാനാകുന്നില്ല. ആദ്യം ചെറുതായാണ് ഉരുള്‍ പൊട്ടിയത്. പിന്നീട് രണ്ടുതവണ കൂടി ഉരുള്‍പൊട്ടുകയായിരുന്നു’. രണ്ടാംതവണ ഭീകരമായാണ് ഉരുള്‍പൊട്ടിയതെന്നും നാട്ടുകാരന്‍ നാട്ടുകാര്‍ പറഞ്ഞു.
ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോര്‍ട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുകയാണ്. ചില വീടുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവര്‍ക്കരികിലേക്ക് എത്താന്‍ യാതൊരു മാര്‍ഗവുമില്ലെന്ന് നാട്ടുകാരനായ നബീല്‍ പറഞ്ഞു. ‘ഇവിടുന്ന് കാണുന്ന കാഴ്ച ഭീകരമാണ്. വീടുകളില്‍ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ല.300 ഓളം കുടുംബങ്ങളായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. അതില്‍ എത്രപേര്‍ ബാക്കിയുണ്ടെന്ന് അറിയില്ല..’ നബീല്‍ പറഞ്ഞു.
പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.റവന്യു മന്ത്രി കെ രാജന്‍, മന്ത്രി ഒആര്‍ കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.
മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി പേരെ കാണാനില്ലെന്ന വീട്ടുകാരുടെ സഹായഅഭ്യര്‍ഥനകളും പുറത്തുവരുന്നുണ്ട്.