പ്രധാനമന്ത്രിയുടെ വിശ്വസ്തനും മലയാളിയുമായ കെ. കൈലാഷ്‌നാഥനെ പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിച്ചു കൊണ്ട് രാഷ്ട്രപതിയുടെ ഉത്തരവ്. കെ. കൈലാഷ്‌നാഥന്‍ 1979 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് പിജി ബിരുദം നേടിയ കെ കൈലാഷ്‌നാഥന്‍ വെയില്‍സ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ എംഎ പഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി ഗുജറാത്തിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പ്രിയപ്പെട്ട ഉദ്യോഗസ്ഥനാണ് കെ കൈലാസനാഥന്‍ ഔദ്യോഗിക രംഗത്ത് യാതൊരു വിവാദത്തിലും പെട്ടിരുന്നില്ല.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് ആനന്ദി ബെന്‍ പാട്ടീല്‍, വിജയ് രൂപാണി, ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിങ്ങനെ നാലു മുഖ്യമന്ത്രിമാരുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
ഒന്‍പത് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിഭവന്‍ പുറത്തിറക്കി.
പഞ്ചാബ് ചണ്ഡിഗഡ് ഗവര്‍ണറായിരുന്ന ബെന്‍വാരിലാല്‍ പുരോഹിതിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. നിലവില്‍ അസം ഗവര്‍ണറായ ഗുലാബ് ചന്ദ് ഘട്ടാരിയയെയാണ് പകരം ആ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. സിക്കിം ഗവര്‍ണറായ ലക്ഷമണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂര്‍ ഗവര്‍ണറുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ഓം പ്രകാശ് മാതുര്‍ സിക്കിം ഗവര്‍ണറായി ചുമതലയേല്‍ക്കും. രാജസ്ഥാന്‍, തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മേഘാലയ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചിരിക്കുന്നത്.