അടുക്കളയില്‍ ഉള്ളിയുടെ ആവശ്യം വരാത്ത ഒരു ദിവസം പോലും ഉണ്ടാവാറില്ല അല്ലേ. നിത്യവും പാചകത്തിന് ഉപയോഗിക്കുന്ന പച്ചക്കറിയാണ് ഉള്ളി.
പലപ്പോഴും ഉള്ളി വാങ്ങിക്കുമ്പോള്‍ തൊലിയുടെ പലയിടത്തായി കറുത്തപാടുകളും വരകളും കാണാറുണ്ട്. ഇത് ആരോഗ്യത്തിനു അപകടകരമാണോ എന്ന് നമുക്ക് എല്ലാവര്‍ക്കും സംശയമുണ്ടാകും. സവാളയുടെ തൊലി കളയുമ്പോള്‍ കാണുന്ന ഈ കറുത്ത പാടുകള്‍ ഒരു തരം പൂപ്പലാണ്. ആസ്പര്‍ജിലസ് നൈഗര്‍ എന്നാണ് ഇതിനെ പറയുന്നത്. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണ്ടതായിട്ടുണ്ട്.
താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഉള്ളി പോലുള്ള പച്ചക്കറികളില്‍ പൂപ്പല്‍ ഉണ്ടാക്കുന്നത്. ചിലരില്‍ ഇത് ഛര്‍ദ്ദി, ഓക്കാനം, തലവേദന, വയറുവേദന, വയറിളക്കം തുടങ്ങിയ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാം.
ഉപയോഗിക്കാനെടുക്കുമ്പോള്‍ തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാല്‍ പോകുന്നവയാണ്. ഇതിനു ശേഷം മാത്രമേ കറികള്‍ക്കായി സവാള അരിയാവൂ. ഈ പൂപ്പല്‍ സാധാരണ ഗതിയില്‍ പുറം പാളിയിലാണ് കാണപ്പെടാറുള്ളത്. എന്നാല്‍ തൊലിയുടെ ആന്തരിക പാളിയിലും ഇത്തരം പൂപ്പല്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത്തരം ഉള്ളികള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.