മീനും ഇറച്ചിയും കഴിക്കാൻ ഇഷ്ടപ്പെടാത്തവർക്ക് പോലും പ്രിയമുള്ള ആഹാരമാണ് മുട്ട. ധാരാളം പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ദിവസേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. മത്സ്യബന്ധനത്തിന് വിലക്കുള്ള സമയങ്ങളിലും കൂടുതൽപ്പേരും മുട്ടയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് മുട്ടയിൽപോലും വ്യാജൻമാർ കടന്നുകൂടിയിട്ടുണ്ട്. വാങ്ങി ഉപയോഗിച്ചുകഴിയുമ്പോഴായിരിക്കും ചീഞ്ഞതാണെന്ന് പലരും മനസിലാക്കുന്നതുതന്നെ. പഴകിയ മുട്ട ഉപയോഗിക്കുന്നത് ഭക്ഷ്യ വിഷബാധയ്ക്കുവരെ കാരണമാകാം. എന്നാലിനി ഈ സൂത്രവിദ്യ ഉപയോഗിച്ച് ചീഞ്ഞ മുട്ട എളുപ്പത്തിൽ കണ്ടെത്താം.
മുട്ട വെള്ളത്തിൽ ഇടുക. വെള്ളത്തിൽ പൊങ്ങിക്കിടക്കുയോ ഒഴുകി നടക്കുകയോ ആണെങ്കിൽ അത് ചീഞ്ഞ മുട്ടയായിരിക്കും. വെള്ളത്തിനടിയിലേയ്ക്ക് പോവുകയാണെങ്കിൽ അത് നല്ല മുട്ടയാണെന്ന് ഉറപ്പിക്കാം. മാത്രമല്ല, പൊട്ടിച്ചുകഴിയുമ്പോൾ മുട്ട വെള്ളയും മഞ്ഞയും കലർന്നിരിക്കുകയാണെങ്കിൽ അത് ചീഞ്ഞ മുട്ടയായിരിക്കും.
വ്യാജ മുട്ടയുടെ പുറംതോട് നല്ല മുട്ടയേക്കാൾ കട്ടിയുള്ളതും തിളക്കമുള്ളതുമായിരിക്കും. വ്യാജമുട്ട പെട്ടെന്ന് പൊട്ടുകയുമില്ല. വ്യാജ മുട്ടയിൽ ചിലതിന് അമിതമായ മണവും ചിലതിന് മണം കാണുകയുമില്ല. നല്ല മുട്ടയ്ക്ക് സ്വാഭാവിക മണമായിരിക്കും ഉള്ളത്.
വ്യാജ മുട്ട പുഴുങ്ങിക്കഴിയുമ്പോൾ അതിന് സ്വാഭാവികമായ ആകൃതി ഉണ്ടായിരിക്കുകയില്ല. വ്യാജ മുട്ടയുടെ മഞ്ഞയ്ക്ക് കടുംനിറമായിരിക്കും ഉണ്ടാവുക.
മുട്ട പൊട്ടിച്ചുനോക്കുക. മുട്ടമഞ്ഞയിൽ ചുവന്ന പൊട്ടുകളോ നിറവ്യത്യാസമോ കാണുകയാണെങ്കിൽ ചീഞ്ഞതാണെന്ന് ഉറപ്പിക്കാം. മുട്ടയിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാവുമ്പോഴാണ് നിറവ്യത്യാസം ഉണ്ടാവുന്നത്.