പത്തനംതിട്ട (Pathanamthitta) : പത്തനംതിട്ടയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട വാഹനത്തിനുള്ളിലെ മൃതദേഹങ്ങളെ ക്കുറിച്ചുള്ള അന്വേഷണത്തിൽ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. വേങ്ങലിലെ ആളൊഴിഞ്ഞ റോഡിൽ വച്ച് ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. തുകലശേരി ചെമ്പോലിമുക്ക് വേങ്ങശേരിൽ വീട്ടിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈലി തോമസ് (62) എന്നിവരാണ് മരിച്ചത്.
റോഡ് വക്കിൽ കാർ പാർക്ക് ചെയ്ത ശേഷം പെട്രോൾ കാറിന് ഉള്ളിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇവരുടെ ആത്മഹത്യാകുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി.
മകന്റെ മാനസികപീഡനം സഹിക്കാനാവാതെയാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നുള്ള വിവരങ്ങൾ കത്തിലുണ്ടെന്നാണ് സൂചന. വാഗണർ കാറിന്റെ മുൻസീറ്റുകളിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ.
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും ചേർന്ന് തീ അണച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.25 വർഷത്തിലേറെയായി രാജുതോമസ് വിദേശത്തായിരുന്നു.
കുടുംബവഴക്കുകൾ ഉണ്ടായിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് മരണം എന്നും കത്തിലുള്ളതായി സൂചന. മകൻ ഏതാനും ദിവസങ്ങളായി ഡിഅഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം. ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചശേഷമേ കാർ കത്തിയതിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട് നടക്കും.