തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം ജില്ലയിൽ പനി ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 2511. പനി ഉയരുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തി. വേനൽ മഴയെ തുടർന്നാണു ജാഗ്രത നിർദേശം നൽകിയത്. 18 മുതൽ 22 വരെ വിവിധ സർക്കാർ ആശുപത്രികളിലാണ് 2500 ലധികം പേർ പനി ബാധിച്ച് ചികിത്സ തേടിയത്. ഇക്കാലയളവിൽ 59 പേർ കിടത്തി ചികിത്സയ്ക്ക് വിധേയരായി. ഡെങ്കിപ്പനി ബാധിച്ചവർ 25 പേർ. ഡെങ്കിപ്പനി സംശയിക്കുന്ന 31 പേരും കണക്കിലുണ്ട്.
4 പേർക്ക് ഈ കാലയളവിൽ എലിപ്പനി സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ്, പുല്ലംപാറ, കരകുളം, കല്ലറ, പൂന്തുറ, ബാലരാമപുരം, വക്കം, അമ്പൂരി, വെമ്പായം, ചിറയിൻകീഴ്, നാവായിക്കുളം, ബീമാപള്ളി, വർക്കല, പള്ളിച്ചൽ, കല്ലിയൂർ,നേമം, പൊഴിയൂർ, അഴൂർ, നെടുമങ്ങാട്, പുത്തൻതോപ്പ്, കുളത്തൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വേനൽ മഴയെ തുടർന്നു പനി ബാധിതരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡെങ്കിപ്പനി ജാഗ്രതാ നിർദേശം നൽകിയത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും പനി വരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു
ജാഗ്രതാ നിർദേശങ്ങൾ
∙ വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിനുള്ളിൽ ഫ്രിജിന് പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിരിക്കുന്ന പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ് തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. വീടിന് പുറത്ത് ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി, ടയർ, ആട്ടുകല്ല്, ഉരൽ, വാഷ്ബേസിനുകൾ തുടങ്ങിയവ വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കണം. വീടിന്റെ ടെറസ്, സൺഷേഡ്, മേൽക്കൂരയുടെ പാത്തി തുടങ്ങിയവയിലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
∙ ഈഡിസ് കൊതുക് വളരാനുള്ള സാഹചര്യം കണ്ടാൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.
∙ കൊതുക് കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ ഉപയോഗിക്കണം.
∙ ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കണം.
∙ തോട്ടങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉടമകൾ ഉറപ്പാക്കണം.