മിഷിഗൺ (Mishigun) : രണ്ട് മാസം മുമ്പ് കാണാതായ പതിനേഴുകാരിയെ കണ്ടെത്തി. സീഡാർ സ്പ്രിംഗ്സിലെ വീട്ടിൽ നിന്ന് മേയ് 31ന് വൈകിട്ടാണ് പെൺകുട്ടിയെ കാണാതായത്.നാൽപ്പത്തിനാലുകാരനൊപ്പമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. വീട്ടുകാരും ബന്ധുക്കളും ഒരുപാട് തെരഞ്ഞെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അതിനുശേഷം നടത്തിയ തെരച്ചിലിൽ ജൂൺ ഒന്നിന് അർദ്ധരാത്രി റോക്ക്‌ഫോർഡിലെ ഒരു ബാറിനടുത്ത് ഒറ്റയ്ക്ക് നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ബാറിനടുത്തുനിന്ന് കുട്ടി എവിടേക്ക് പോയെന്നതിനെക്കുറിച്ച് സൂചനകളൊന്നും കിട്ടിയില്ല. എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോയെന്ന് പൊലീസ് സംശയിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെ, കഴിഞ്ഞ ദിവസം പെൺകുട്ടി ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട ഒരാൾ പൊലീസിൽ വിവരമറിയിച്ചു. ഈ വ്യക്തി നൽകിയ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ പൊലീസ് പെൺകുട്ടിയേയും നാൽപ്പത്തിനാലുകാരനെയും കണ്ടെത്തി.
ജൂൺ ഒന്നിന് പുലർച്ചെ രണ്ടുമണിക്കാണ് നാൽപ്പത്തിനാലുകാരനെ താൻ ആദ്യമായി കണ്ടതെന്നും, അന്നുമുതൽ ഒന്നിച്ചാണ് താമസമെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
ഇവർക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നാണ് വിവരം.എന്തിനാണ് പെൺകുട്ടി വീട് വിട്ടുപോയതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യത്തെപ്പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്. പെൺകുട്ടിയുടെ രക്ഷിതാക്കളടക്കമുള്ളവരുടെ വിശദമായ മൊഴിയെടുക്കും. കൂടാതെ നാൽപ്പത്തിനാലുകാരന്റെ സ്വഭാവം അടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും.