സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തി കട ഉടമയുടെ ഭാര്യയുടെ സ്വർണ മാല പിടിച്ചുപറിച്ചു…

Written by Web Desk1

Published on:

ചക്കരക്കൽ (Chakkarakkal) : കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തി കടയുടമയുടെ ഭാര്യയുടെ സ്വർണ മാല പിടിച്ചു പറിച്ചു ബൈക്കിൽ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. മൗവ്വഞ്ചേരി പള്ളിപ്പൊയിലിലെ കണ്ടം കോട്ടിൽ സർഫ്രാസിനെ (26) യാണ് ചക്കരക്കൽ സി.ഐ എം പി ആസാദ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒന്നേ കാലിനാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങളായിയിലെ പാറമേൽ ബാലചന്ദ്രൻ്റെ കടയിലെത്തി ബാലചന്ദ്രൻ്റെ ഭാര്യ വി.കെ ശ്രീകലയുടെ മാല മോഷ്ടിച്ച കേസിലാണ് പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തത്.

ബൈക്കിലെത്തിയായിരുന്നു പിടിച്ചുപറി. അഞ്ചു പവൻ തുക്കം വരുന്ന മാല പൊട്ടിച്ചെടുക്കുന്നതിനിടെ പിടിവലിയിൽ ഒരു ഭാഗം മാത്രമാണ് സർഫ്രാസിന് കൈയ്യിൽ കിട്ടിയത്. ബൈക്കിൽ സ്ഥലം വിട്ട ഇയാളെ തിരിച്ചറിയുന്നതിനായി സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തി വന്നത്. അപൂർവ്വ ഇനത്തിൽപ്പെട്ട ഹീറോ എക്സ് പ്ളസ് 200 ബ്ളാക്ക് ബൈക്കായിരുന്നു ഇയാളുടെത്.

അന്വേഷണത്തിൽ ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ ഈ തരത്തിലുള്ള ബൈക്ക് ഉപയോഗിക്കുന്നത് 20 പേരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും കടയുടമയുടെ ഭാര്യയായ ശ്രീകലയെ കൊണ്ടു തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. ശ്രീകല പറഞ്ഞു കൊടുത്ത പ്രതിയുടെ അടയാളങ്ങൾ സർഫ്രാസുമായി സാദ്യശ്യമുണ്ടായതിനെ തുടർന്ന് ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ഇയാൾ കവർന്ന ആഭരണത്തിൻ്റെ ഒരു കഷ്ണം ചക്കരക്കല്ലിലെ ഒരു ജ്വല്ലറിയിൽ നിന്നും പണയം വെച്ച നിലയിൽ കണ്ടെത്തി. അൻപതിനായിരം രൂപയ്ക്കാണ് ഇയാൾ പണയം വെച്ചത്. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണത്തിൽ എസ്.ഐ എം. സുധാകരൻ, സീനിയർ സി.പി.ഒമാരായ അനീഷ് കുമാർ ചുള്ളേരി, ബാബു പ്രസാദ്, നിധീഷ് ആല കണ്ടി. ഷിബു ചേലോറ എന്നിവർ പങ്കെടുത്തു. നേരത്തെ ഗൾഫിലായിരുന്ന സർഫ്രാസ് അടുത്ത കാലത്ത് നാട്ടിലെത്തി ഒരു ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

See also  നാളെ കൊട്ടിക്കലാശം…

Related News

Related News

Leave a Comment