പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്മന്റ് കോളേജിലേക്കായിരുന്നു, അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്ഘാടനത്തിനല്ല ; അമലാപോളിനെതിരെ കാസ

Written by Taniniram

Published on:

കൊച്ചി: ജിത്തുജോസഫിന്റെ ലെവല്‍ ക്രോസ് എന്ന ചിത്രത്തിന്റെ പ്രമോഷനായി എറണാകുളം സെന്റ് ആല്‍ബെര്‍ട്സ് കോളജിലെത്തിയ നടി അമലാപോളിനെതിരെ രൂക്ഷവിമര്‍ശനവും ആക്ഷേപവുമായി തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ കാസ.

എത്ര വലിയ നടിയായാലും പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യന്‍ മാനേജ്മന്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ലെന്നും മാദക വേഷത്തിലെത്തിയ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികര്‍ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജാണിതെന്ന് ഓര്‍മവേണം. നടിക്കൊപ്പം പരിപാടിയില്‍ സഹകരിക്കാന്‍ ബുദ്ധിമുട്ടെണ്ടന്ന് പറയാന്‍ വൈദികര്‍ തയാറാകണമായിരുന്നു. ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകള്‍ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേര്‍ന്നത് മാത്രമാകണം. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങള്‍ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കില്‍ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥി ആക്കണം.

ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാന്‍ കുത്ത് ഡാന്‍സുകള്‍ക്കും കുറച്ച് അടിമകള്‍ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നത് ഇതല്ലെന്നും കാസ പറയുന്നു.

പരിപാടിയില്‍ അമലാപോളിനൊപ്പം നടന്‍ ആസിഫ് അലിയും പങ്കെടുത്തിരുന്നു. രമേഷ് നാരായണന്‍ വിഷയത്തില്‍ ആസിഫ് അലിയുടെ പ്രതികരണമുണ്ടായത് കോളേജിലെ ഈ പ്രോഗ്രാമിലായിരുന്നു. അതിനാല്‍ നല്ല മാധ്യമശ്രദ്ധ പരിപാടിയ്ക്കുണ്ടായിരുന്നു. ഈയടുത്തായി അമ്മയായ അമലാപോള്‍ അതീവ സന്തോഷവതിയാണ് പരിപാടിയില്‍ പങ്കെടുത്തത്. വസ്ത്രധാരണത്തിന്റെ പേരില്‍ നടിയെ അപമാനിക്കുന്നതിനെതിരെയും നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

See also  മധുവിന് ഇന്ന് പിറന്നാൾ മധുരം @ 91

Leave a Comment