ഓൺലൈൻ ഓഹരി തട്ടിപ്പ്; 4 മലയാളികൾ പിടിയിൽ…

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് രണ്ട് കോടി രൂപ തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ. കോഴിക്കോട് നല്ലളം സ്വദേശി സാദിക് (48), ഇടുക്കി തൊടുപുഴ സ്വദേശി ഷെഫീക്ക് (37), കോഴിക്കോട് വടകര ഇരിങ്ങല്‍ സ്വദേശി റാസിക്ക് (24), തൃശൂര്‍ പൂക്കോട് സ്വദേശി നന്ദുകൃഷ്ണ (21) എന്നിവരാണ് അറസ്റ്റിലായത്.

പരാതിക്കാരനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടശേഷം ഓഹരിവിപണിയില്‍ ലാഭം നേടാൻ ഉപദേശം നല്‍കി വിശ്വാസമാര്‍ജിച്ചായിരുന്നു തട്ടിപ്പ്. ഇതിനായി നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. തുടര്‍ന്നാണ് പണം തട്ടിയത്. പരാതിക്കാരനും പ്രതികളും തമ്മിലെ വാട്സാപ്പ് ചാറ്റുകള്‍ വിശകലനംചെയ്ത് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇന്ത്യയ്ക്ക് വെളിയിലാണെന്ന് കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ സിറ്റി സൈബര്‍ ക്രൈം പൊലീസ് അസി. കമ്മീഷണര്‍ സി എസ് ഹരിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചത്.

കംബോഡിയയിലെ കോള്‍ സെന്‍റര്‍ മുഖാന്തരം കുറ്റകൃത്യം ആസൂത്രണംചെയ്ത് നടപ്പാക്കുന്ന മലപ്പുറം പാപ്പന്നൂര്‍ സ്വദേശി മനുവിന്‍റെ പ്രധാനസഹായിയാണ് സാദിക്. ആകര്‍ഷകമായ കമ്മീഷന്‍ വാഗ്ദാനംചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് അതിലൂടെ പണം തട്ടുന്നത് ഇയാളാണ്. ശേഖരിക്കുന്ന പണം ഡിജിറ്റല്‍ കറന്‍സിയായി മാറ്റി കംബോഡിയയിലേക്ക് അയക്കുന്നത് ഷെഫീക്കാണ്. പണം തട്ടിയെടുക്കാൻ കമീഷന്‍ കൈപ്പറ്റി സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ കൈമാറിയതിനാണ് സാദിക്ക്, നന്ദുകൃഷ്ണ എന്നിവര്‍ അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.

See also  ഒന്നാം തീയതിയിലും ഇനി വിലകൂടിയ മദ്യം ഓണ്‍ലൈനായി….

Related News

Related News

Leave a Comment