ധാക്ക (Dhakka) : ബംഗ്ലാദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് സൈന്യം ക്രമസമാധാന ചുമതല ഏറ്റെടുത്തത്. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഇതുവരെ 2500 ലധികം പേർക്കാണ് പരുക്കേറ്റത്. തലസ്ഥാന നഗരമായ ധാക്കയിൽ മാത്രം 52 പേർ മരിച്ചതായാണ് റിപ്പോർട്ട്.
1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി പ്രക്ഷോഭത്തിന്റെ വിഷയമായി മാറിയിട്ടുണ്ട്. പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്.