പിതൃദോഷം ആപത്ത്…. അറിയുക…

Written by Web Desk1

Published on:

ദോഷങ്ങളില്‍ വച്ച് ഏറ്റവും വലുത് പിതൃദോഷമാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ പിതൃ ദോഷമുള്ളവര്‍ പൂജയോ ജപമോ വഴിപാടുകളോ എന്ത് തന്നെ ചെയ്താലും അതിന് യാതൊരുവിധ പ്രയോജനവും ലഭ്യമാകില്ല എന്നാണ് വിശ്വാസം.

പിതൃക്കള്‍ പ്രസന്നരാണെങ്കിലേ ദൈവങ്ങളും പ്രസാദിക്കൂ. ശകുനം അറിയാ പാപി ചെന്ന് അറിയും എന്ന ചൊല്ലുപോലെ പിതൃദോഷമുള്ളവര്‍ അത് സ്വന്തം അനുഭവങ്ങളില്‍ക്കൂടി ബോധ്യമാകുമെന്നാണ്. അതിനാല്‍ ജീവിച്ചിരിക്കുമ്പോള്‍ അച്ഛനമ്മമാരെ സ്‌നേഹിക്കുക, അവര്‍ക്കു കരുതല്‍ നല്‍കുക. ‘ഞാന്‍ വീണു കിടന്നാല്‍ എന്റെ മകനോ, മകളോ എന്നെ സംരക്ഷിച്ചു കൊള്ളും’ എന്ന് അച്ഛനോ അമ്മയ്‌ക്കോ വിശ്വാസം ഉണ്ടാകണം. എങ്കില്‍ മാത്രമേ പുണ്യമുള്ളൂ.

മറ്റുള്ളവരുടെ വാക്ക് കേട്ട് മാതാപിതാക്കളെ ശ്രദ്ധിക്കാതിരിക്കുക, ഭാര്യക്കും മക്കള്‍ക്കും നല്ല ഭക്ഷണവും വസ്ത്രവും നല്‍കുമ്പോള്‍ മാതാപിതാക്കളെ അവഗണിക്കുക, സമയാസമയങ്ങളില്‍ ആവശ്യമുള്ള അളവില്‍ ഭക്ഷണം നല്‍കാതിരിക്കുക, മാതാപിതാക്കളെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ ലജ്ജിക്കുക, ആഘോഷ വേളകളില്‍ വീട്ടില്‍ മറ്റെല്ലാവര്‍ക്കും പുതുവസ്ത്രം വാങ്ങിയിട്ടും മാതാപിതാക്കള്‍ക്ക് മാത്രം നല്‍കാതിരിക്കുക, സുഖമായി ഉറങ്ങാനും വിശ്രമിക്കാനും സൗകര്യം നിഷേധിക്കുക, അവരുടെ മനസ്സിനെ നിരന്തരം വിഷമിപ്പിക്കുക, മാതാപിതാക്കളുടെ ഭൗതികദേഹം സാക്ഷിയാക്കി സ്വത്തു തര്‍ക്കം നടത്തുക, മക്കളുടേയോ മരുമക്കളുടേയോ കൊച്ചുമക്കളുടേയോ ദ്രോഹം മൂലം മാതാപിതാക്കള്‍ ആത്മഹത്യ ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം തീര്‍ച്ചയായും പിതൃദോഷം ഉണ്ടാക്കുന്നതാണ്. പിതൃക്കള്‍ എന്നാല്‍ മരിച്ചവര്‍, പൂര്‍വികര്‍, മാതാപിതാക്കള്‍ എന്നൊക്കെ വിപുലമാണ് അര്‍ത്ഥം. പല കുടുംബങ്ങളിലും പൂര്‍വ്വികര്‍ ചെയ്ത പാപഭാരവും പൂര്‍വ്വികശാപവും മൂലം ഒട്ടേറെ ദുരിതങ്ങള്‍ സംഭവിക്കുന്നുണ്ട്. സമ്പന്നമായ കുടുംബങ്ങളില്‍ ജനിച്ചാലും എല്ലാ സ്വത്തുക്കളും നശിച്ച് യാചകരായി ചിലര്‍ മാറുന്നതിന്റെ കാരണം തിരയേണ്ടതും പിതൃശാപത്തില്‍ ആണ്.

പിതൃശാപം ഉണ്ടോ എന്നതു പ്രധാനമായും രാഹു കേതുക്കള്‍ എങ്ങനെ ജാതകത്തില്‍
നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ഇതിനു പുറമേ ശുഭഗ്രഹങ്ങള്‍ ശുഭസ്ഥാനത്ത് നില്‍ക്കാതിരിക്കുന്നതും ശുഭഗ്രഹങ്ങള്‍ ദുര്‍ബ്ബലന്മാരായിത്തീരുന്നതും പിതൃശാപ ലക്ഷണമാണ്. രാഹു കേതു ദശാകാലത്തും മറ്റു പാപഗ്രഹങ്ങളുടെ ദശാപഹാരഛിദ്രങ്ങളിലും
പിതൃശാപം മൂലമുള്ള ദോഷാനുഭവങ്ങള്‍ ഉണ്ടാകാം.

പിതൃദോഷ കാരണങ്ങള്‍

പിതൃമാതൃ ശാപത്തിന്റെ കാഠിന്യം അറിയാന്‍ യഥാക്രമം ആദിത്യ, ചന്ദ്രന്മാരുടെ ജാതകത്തിലെ സ്ഥിതിയും ബലവും പരിശോധിക്കണം. മാതാപിതാക്കളെ വേണ്ടവണ്ണം സംരക്ഷിക്കാത്തതും മരണാനന്തര ശ്രാദ്ധകര്‍മ്മങ്ങള്‍ ശരിയായി ചെയ്യാതിരിക്കുന്നതംു മൂലമാണ് പിതൃശാപം ഉണ്ടാകുന്നത്.

വ്യാഴത്തിന് ശനിയുടേയോ, ചൊവ്വയുടേയോ രാഹുവിന്റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ഗുരു ശാപമുണ്ടാകും. ഗുരുവിനെ അദ്ദേഹം അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കാത്തപ്പോഴാണ് ഗുരുശാപം ഉണ്ടാവുക.

ഇതിനുപുറമേ ഭാര്യാശാപവും ഭര്‍ത്തൃശാപവും ദോഷഫലങ്ങള്‍ സമ്മാനിക്കാം.
ശുക്രന്‍, ഏഴാംഭാവം, ഏഴാംഭാവാധിപന്‍ ഇവയുടെ ജാതകത്തിലെ സ്ഥിതിയില്‍നിന്നും ഭാര്യാഭര്‍ത്തൃ ശാപത്തെക്കുറിച്ച് മനസ്സിലാക്കാം. ശുക്രന്‍, രാഹു, കേതു, സൂര്യന്‍ എന്നീ ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളില്‍നിന്നും പത്നീ ശാപത്തെക്കുറിച്ച് അറിയാന്‍ കഴിയും. ഭര്‍ത്താവ് ഭാര്യയോടും ഭാര്യ ഭര്‍ത്താവിനോടും സ്വകടമകള്‍ നിര്‍വഹിക്കാതെ വരുമ്പോഴാണ് പത്നീ-പതീ ശാപങ്ങള്‍ ഉണ്ടാകുന്നത്.

See also  ഇന്നത്തെ നക്ഷത്രഫലം

മൂന്നാം ഭാവത്തിനും ചൊവ്വയ്‌ക്കും ജാതകത്തില്‍ ബലഹാനി ഉണ്ടെങ്കില്‍ സഹോദര ശാപവും ഉണ്ടെന്നു മനസ്സിലാക്കാം. ജാതകത്തില്‍ കാളസര്‍പ്പയോഗം, കേമുദ്രുമയോഗം എന്നിവ ഉള്ളവര്‍ക്കും പിതൃശാപത്തിന്റെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരും.

പിതൃദോഷം മൂലമുള്ള ദുരിതങ്ങള്‍

  1. സന്താനദുരിതം ആണ് പിതൃശാപം മൂലമുണ്ടാകാവുന്ന പ്രധാനദോഷം. സന്തതികള്‍ ഉണ്ടാവാതിരിക്കുക, സന്താനം ഉണ്ടായാല്‍ അല്‍പ്പായുസ്സായി പോവുക, കുടുംബത്തില്‍ ബുദ്ധിഭ്രമമുള്ളവര്‍ ഉണ്ടാവുക, മക്കള്‍ മന്ദബുദ്ധികളായി ജനിക്കുക എന്നിവയ്‌ക്കൊക്കെ പിതൃദോഷം കാരണമാകാം.
  2. വിവാഹം നടക്കാതെ വരിക. അഥവാ നടന്നാലും മധ്യവയസ്സിലാവുക, ദാമ്പത്യം പരാജയപ്പെടുക, ദമ്പതീകലഹം സ്ഥിരസംഭവമാകുക എന്നിവയും പിതൃശാപം മൂലം ഉണ്ടാവാം.
  3. ജോലി നഷ്ടപ്പെടുക, ജോലിയില്‍ ക്ലേശങ്ങള്‍ കൂടുക, ഉറങ്ങാന്‍ പറ്റാത്ത സ്ഥിതി സംജാതമാവുക തുടങ്ങിയ കടുത്ത മാനസിക പ്രയാസങ്ങള്‍.
  4. കുടുംബസ്വത്തുക്കള്‍ അന്യാധീനപ്പെടുക, സ്വത്തുക്കളെ ചൊല്ലി കുടുംബത്തില്‍ കേസുവഴക്കുകള്‍ നടക്കുക തുടങ്ങിയവും പിതൃശാപം മൂലം ഉണ്ടാവാം.

പരിഹാരങ്ങള്‍

  1. പിതൃശാന്തിക്കായി വിധിപ്രകാരം ശ്രാദ്ധകര്‍മ്മങ്ങള്‍ ചെയ്യുക. പിതൃദോഷ പരിഹാരത്തിനു ബ്രാഹ്മണഭോജനം, ഗോദാനം എന്നിവയും മാതൃശാപ പരിഹാരമായി രാമേശ്വര സ്നാനം, ഗായത്രിജപം എന്നിവയും നടത്തണം.
  2. ചൊവ്വാദോഷത്തിനുള്ള പരിഹാരങ്ങള്‍ ആണ് സഹോദരശാപത്തിന് പരിഹാരമായി ചെയ്യേണ്ടത്. തുളസി, കൂവളം എന്നീ പുണ്യവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതും ഗുണകരം.
  3. ദമ്പതികളുടെ പരസ്പര ശാപത്തിന് പരിഹാരമായി ചെയ്യേണ്ടതും ചൊവ്വാദോഷത്തിനുള്ള പരിഹാരങ്ങളാണ്. തളസി, കൂവളം എന്നീ പുണ്യവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുക, ഒരു കന്യകയുടെ വിവാഹത്തിനു സാമ്പത്തിക സഹായം നല്‍കുക, ദമ്പതികള്‍ക്ക് ശയ്യോപകരണങ്ങള്‍ സമ്മാനിക്കുക, ഗോദാനം ചെയ്യുക.
  4. പിതൃ സായുജ്യത്തിനായി തിലഹോമം നടത്തുക.
  5. രാഹുവിന്റെ ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളില്‍ രാഹുദോഷ പരിഹാരങ്ങള്‍ ചെയ്യുക. ചൊവ്വാഴ്ച കേതു ദോഷ പരിഹാരം ചെയ്യുക.
    6 കാക്കകള്‍ക്ക് ഭക്ഷണം നല്‍കുക.
  6. ലക്ഷ്മീനാരായണ പ്രതിമ ദാനം ചെയ്യുക.
    ഈ പരിഹാരങ്ങള്‍ ഭക്തിപൂര്‍വം അനുഷ്ഠിച്ചാല്‍ കുടുംബത്തിന് പുരോഗതിയും കുടുംബാംഗങ്ങള്‍ക്ക് ദുരിത മോചനവും ഉണ്ടാകും. സല്‍സന്തതീ ജനനവും ദാമ്പത്യ ഐക്യവും കുടുംബ സമാധാനവും സിദ്ധിക്കും.

Leave a Comment