ബീഹാറിലെ ധൂം നഗറിലാണ് സംഭവം. വിവാഹ പന്തലിൽ യഥാർത്ഥ വധുവിന് പകരം വധുവിന്റെ സഹോദരിയെ വിവാഹ വേഷത്തിൽ കണ്ടതോടെ താലി കെട്ടാൻ വരൻ വിസമ്മതിച്ചു . താലികെട്ടാൻ പന്തലിലേക്ക് കയറിയ വരൻ, വധു മുഖം മറച്ചിരുന്നുവെങ്കിലും അത് യഥാർത്ഥ വധുവല്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വരന്റെ മാതാപിതാക്കൾ അയച്ചു നൽകിയ വസ്ത്രം യഥാർത്ഥ വധുവിന് ഇഷ്ടമാകാതിരുന്നതാണ് വിവാഹത്തിൽ നിന്നും പിന്മാറാനുണ്ടായ കാരണമെന്നാണ് വിവരം.
ബീഹാറിലെ ഗൈഘട്ട് നിവാസികളായ വരനും കുടുബവും ആഘോഷാരവങ്ങളോടെയാണ് ബരുരാജിലെ ധൂം നഗറിലെത്തിയത്. തുടർന്ന് വധുവിന്റെ വീട്ടുകാർ ഒരുക്കിയ പ്രഭാത ഭക്ഷണ സൽക്കാരത്തിന് ശേഷം മാലയിടൽ ചടങ്ങായ ജയമാലയ്ക്കിടെ വധുവിന്റെ മുഖം കണ്ടപ്പോൾ ഇത് യഥാർത്ഥ വധുവല്ലെന്ന സംശയം വരൻ ഉന്നയിച്ചു. എന്നാൽ, വധുവിന്റെ വീട്ടുകാർ അത് ആദ്യമൊക്കെ നിഷേധിച്ചുവെങ്കിലും ഒടുവിൽ സംഗതി പുറത്തായി. വരന്റെ വീട്ടുകാർ അയച്ച വസ്ത്രങ്ങൾ ഇഷ്ടപ്പെടാതിരുന്നതിനാൽ യുവതി വധുവാകാൻ വിസമ്മതിച്ചു. തുടർന്ന് വീട്ടുകാർ പലതും പറഞ്ഞു സമ്മതിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വിവാഹത്തിന് തയ്യാറാകാതെ വന്നു. ഇതോടെ യുവതിയുടെ സഹോദരിയെ വധുവായി ഒരുക്കി പന്തലിൽ എത്തിക്കുകയായിരുന്നുവെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞു. സംഭവം സംഘർഷത്തിൽ കലാശിച്ചതോടെ വിഷയം പോലീസ് സ്റ്റേഷനിലും എത്തി.
എസ്എച്ച്ഒ സഞ്ജീവ് കുമാർ ദുബെ വരന്റെയും വധുവിന്റെയും വീട്ടുകാരോട് സംസാരിക്കുകയും ആദ്യം നിശ്ചയിച്ച വധു വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സാന്നിധ്യത്തിൽ സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി.