തോർത്ത്, വെളുത്ത വസ്ത്രങ്ങൾ എന്നിവ വൃത്തിയായി സൂക്ഷിക്കുകയെന്നത് വളരെ പാടുള്ള ഒരു കാര്യമാണ്. വെളുത്ത വസ്ത്രത്തിൽ പെട്ടെന്ന് കറകൾ പിടിക്കുന്നു. വെള്ള തോർത്തിന്റെ കാര്യം പിന്നെ പറയേണ്ട. വീട്ടിൽ വാങ്ങുന്ന പുതിയ തോർത്തുകൾ ദിവസങ്ങൾക്കുള്ളിൽ തന്നെ നിറം മങ്ങുകയും കറ പിടിക്കുകയും ചെയ്യുന്നു. ഇത് നീക്കം ചെയ്യാൻ നിരവധി നുറുങ്ങു വിദ്യകൾ ഉണ്ട്. അവ പരിചയപ്പെട്ടാലോ?
വെളുത്ത വസ്ത്രങ്ങളിൽ കറ പുരണ്ടാൽ ആദ്യം അത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. അതിന് ശേഷം കറയിൽ നേരിട്ട് ലിക്വിഡ് ഡിറ്റർജന്റ് പ്രയോഗിക്കുക. ശേഷം അവ കെെ ഉപയോഗിച്ച് ഉരയ്ക്കുക. അഞ്ച് മിനിട്ട് അങ്ങനെ തന്നെ വച്ച ശേഷം വീണ്ടും തണുത്ത വെള്ളം ഉപയോഗിച്ച് വീണ്ടും കറ കഴുകുക. എന്നിട്ടും കറ മാറിയില്ലെങ്കിൽ ചൂടുവെള്ളവും വെള്ള വിനാഗിരിയും കലർന്ന മിശ്രിതത്തിൽ 30 മിനിട്ട് മുക്കിവയ്ക്കുക. ഇത് കറ പൂർണമായും പോകാൻ സഹായിക്കുന്നു.
എന്നാൽ രക്തം, വിയർപ്പ് പോലെയുള്ള കറകൾ ചൂടുവെള്ളം ഉപയോഗിക്കരുത്. അത് കറ കടും നിറത്തിലാകാൻ കാരണമാകും. വിയർപ്പ് പാടുകൾ പോകാൻ ഒരു വിദ്യയുണ്ട്. അതിന് ആദ്യം ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി പേസ്റ്റ് രൂപത്തിലാക്കുക. കറ പുരണ്ട ഭാഗത്ത് ഈ പേസ്റ്റ് പുരട്ടിയ ശേഷം 30 മിനിട്ട് അങ്ങനെ തന്നെ വയ്ക്കുക. പിന്നീട് ഇവിടെ ഒരു ബ്രഷ് ഉപയോഗിച്ച് മൃദുവായി സ്ക്രബ് ചെയ്യുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകികളയാം.