ജോയിയെ മരണക്കയത്തിലേക്ക് ഇറക്കിവിട്ടതാര് ? 50 ലക്ഷം നഷ്ടപരിഹാരവും അമ്മയുടെ ചികിത്സാചെലവും ഏറ്റെടുക്കണം

Written by Taniniram

Published on:

തലസ്ഥാനം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യത്തിനും രക്ഷിക്കാന്‍ കഴിഞ്ഞില്ല; ആമയിഴഞ്ചാന്‍ തോടില്‍ അകപ്പെട്ട ജോയിയുടെ മൃതദേഹം
പഴവങ്ങാടി തകരപ്പറമ്പിനു പിന്നിലെ കനാലില്‍ കണ്ടെത്തി. റെയില്‍വേ കരാറുകാരന്റെ താത്ക്കാലിക ജീവനക്കാരനായ ജോയി 1500 രൂപയ്ക്ക് വേണ്ടിയാണ് മാലിന്യക്കയത്തിലേക്ക് ഇറങ്ങിയത്. യാതൊരു സുരക്ഷാസംവിധാനങ്ങളോ ആരോഗ്യപരമായ മുന്‍കരുതലുകളോ എടുക്കാതെയാണ് ജോയിയുള്‍പ്പെടെ നാല് പേര്‍ ആമയിഴഞ്ചാന്‍ തോടിലേക്ക് കരാറുകാരന്‍ ഇറക്കി വിട്ടത്. അവിവാഹിതനായ ജോയ് അമ്മയുള്‍പ്പെടെയുളള കുടുംബത്തിന്റെ അത്താണിയാണ്.
‘അമ്മാ’യെന്നു നീട്ടിവിളിച്ചു ചിരിച്ച മുഖവുമായി ജോയി വരുമെന്ന പ്രതീക്ഷയിലായിരുന്നു അമ്മ മെല്‍ഹി .കഴിഞ്ഞ മൂന്നു ദിവസവായി മാരായമുട്ടത്തെ ഇടിഞ്ഞുപൊളിയാറായ വീട്ടില്‍ കാത്തിരിക്കുകയായിരുന്നു. ജോയി ഇനി മടങ്ങിവരില്ലെന്നു വിശ്വസിക്കാന്‍ അമ്മയ്ക്കിതുവരെ സാധിച്ചിട്ടില്ല. ദിവസക്കൂലിക്കാരനായ ജോയി ഏത് ജോലിക്ക് ആരു വിളിച്ചാലും പോകുമായിരുന്നു. ജോലിയില്ലാത്ത ദിവസം ആക്രി പെറുക്കി വില്‍ക്കും. കയറിക്കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലും ഈ കുടുംബത്തിനില്ല.

50 ലക്ഷം നഷ്ടപരിഹാരവും അമ്മയുടെ ചികിത്സാച്ചെലവും ഏറ്റെടുക്കണം

പരസ്പരം പഴിചാരുന്ന അധികാരികളുടെ നിരുത്തരവാദമായ പ്രവൃത്തിയുടെ ഇരയാണ് ജോയ്. ഉത്തരവാദിത്വത്തില്‍ നിന്നും റെയില്‍വേക്കും കോര്‍പ്പറേഷനും കേരള സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. റെയില്‍വേ ജോയിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിവൈഎഫ്‌ഐ അടക്കമുളള യുവജന സംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് റവന്യൂമന്ത്രിയും അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.

2015-ല്‍ കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ നൗഷാദിന്റെ മരണത്തിന് സമാനം

2015 നവംബര്‍ 26നാണ് കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷിക്കാന്‍ അഴുക്ക് ചാലിലേക്ക് എടുത്ത് ചാടാന്‍ നൗഷാദ് രണ്ടാമതൊന്ന് ആലോചിച്ചില്ല.

ആന്ധ്രാപ്രദേശില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ പാളയത്ത് ജയ ഹോട്ടലിന് എതിര്‍വശത്തുള്ള മാന്‍ഹോള്‍ തുറന്ന് മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ അകത്ത് കടക്കാന്‍ ശ്രമിച്ചു. ഇവരില്‍ ഒരാള്‍ ബോധരഹിതനായി അഴുക്കുചാലില്‍ വീണപ്പോള്‍ മറ്റൊരാള്‍ രക്ഷിക്കാനായി ഇറങ്ങി അപകടത്തില്‍പ്പെട്ടു. ഇത് കണ്ട നൗഷാദ് അവരെ രക്ഷിക്കാനായി മാന്‍ഹോളില്‍ ഇറങ്ങിയെങ്കിലും നൗഷാദിനും തിരിച്ചുകയറാനാകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.സര്‍ക്കാര്‍ നൗഷാദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലിയും നല്‍കി.

അന്ന് നൗഷാദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയപ്പോള്‍ അത്യന്തം വര്‍ഗീയചുവയോടെ വിമര്‍ശിച്ചിരുന്നു ഇന്നത്തെ നവോത്ഥാന സമിതി ചെയര്‍മാനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശന്‍. മരിക്കണമെങ്കില്‍ മുസ്‌ലീമായി മരിക്കണമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍.

ജോയിയുടെ മരണത്തില്‍ സര്‍ക്കാരും റെയില്‍വെയും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍

See also  പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടുന്നു...

Leave a Comment