തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് കാണാതായ എന്‍. ജോയിയുടെ മൃതദേഹം കണ്ടെത്തിയ വിവരം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പങ്ക് വെയ്ക്കാനെത്തിയ മേയര്‍ ആര്യാരജേന്ദ്രന്‍ ഏറെ നിരാശയിലായിരുന്നു. രണ്ട് ദിവസം നീണ്ട് നിന്ന് മാരത്തണ്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായതിന്റെ വിഷമത്തിലായിരുന്നു മേയര്‍. വാക്കുകള്‍ ഇടറി, കണ്ണീരിലായ മേയറെ പാറശാല എം.എല്‍.എ സികെ ഹരീന്ദ്രനും സഹപ്രവര്‍ത്തകരും ആശ്വസിപ്പിച്ചു.
പഴവങ്ങാടി തകരപ്പറമ്പിനു പിന്നിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേയില്‍ നിന്നു വെള്ളം ഒഴുകിയെത്തുന്ന സ്ഥലമാണിത്.
മൃതദേഹം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കനാലില്‍ നിന്നും പുറത്തെടുത്തു. സഹപ്രവര്‍ത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. അതേസമയം, ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കും.
ജോയിക്കായുള്ള തിരച്ചില്‍ 46 മണിക്കൂര്‍ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലിനായി നാവികസേനാ സംഘം ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയിരുന്നു.
ശനിയാഴ്ച രാവിലെ പതിന്നോടെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ടാണ് ജോയിയെ കാണാതായത്. പുലര്‍ച്ചെ രണ്ടുവരെ അഗ്‌നിരക്ഷാ സേനയും സ്‌കൂബാ ടീമും തിരച്ചില്‍ നടത്തി. തുടര്‍ന്നു ദേശീയ ദുരന്തനിവാരണ സേന എത്തിയെങ്കിലും തെരച്ചില്‍ ദുഷ്‌കരമായിരുന്നു.