സീറ്റ് മാറ്റിയിരുത്തിയതിന് യാത്രക്കാരൻ അടുത്തിരുന്നയാളെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

Written by Web Desk1

Published on:

തൃശൂര്‍ (Thrissur) : തൃശൂര്‍ തളിക്കുളത്താണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരന്‍റെ ആക്രമണം ഉണ്ടായത്. കണ്ടക്ടർ സീറ്റ് മാറ്റിയിരുത്തിയതിന് അടുത്തിരുന്നയാളെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു യാത്രക്കാരൻ. യുവാവ് സ്വയം ബ്ലേഡ് കൊണ്ട് ദേഹത്ത് മുറിവേല്‍പ്പിച്ചശേഷം വായില്‍ ബ്ലേഡ് കടിച്ചുപിടിച്ച് മറ്റൊരു യാത്രക്കാരനെയും ആക്രമിക്കുകയായിരുന്നു. തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിവേല്‍പ്പിച്ച് മറ്റൊരു യാത്രക്കാരനെ ആക്രമിച്ചത്.

ചേർത്തലയിൽ നിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിൽ വെള്ളിയാഴ്‌ച്ച രാത്രിയോടെയായിരുന്നു സംഭവം. സ്ത്രീകളുടെ സീറ്റിലിരുന്ന ഇയാളോട് പിറകിലേക്ക് മാറിയിരിക്കണമെന്നാണ് കണ്ടക്ടർ ആവശ്യപ്പെട്ടത്. ഇതിൽ കലിപൂണ്ട ഫാസിൽ അടുത്തിരുന്ന സാബുവിനെ ബ്ലേഡ് ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാബുവിൻറെ മുഖത്ത് ബ്ലേഡ് ഉപയോഗിച്ച് തലങ്ങും വിലങ്ങും ഫാസിൽ പരിക്കേൽപ്പിച്ചു. രക്തം വാർന്നൊഴുകിയതിനെ തുടര‍്‍ന്ന് സാബുവിനെ ഉടൻ തന്നെ അടുത്തുള്ള എംഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ഇരയായ സാബുവിന്‍റെ മുഖത്താണ് പരിക്കേറ്റത്. കഴുത്തിനും മുഖത്തിനുമായി 43 സ്റ്റിച്ചുണ്ട്. സാബുവിന്‍റെ ഇരുചെവികള്‍ക്കും മുറിവേറ്റിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ച് സ്വയം പരിക്കേൽപ്പിച്ച ഫാസിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമി ബസിന്‍റെ മുൻവശത്തെയും ഡോറിന് മുകളിലത്തെയും ചില്ലും തകർത്തു. തൃപ്രയാറിൽ നിന്നും ബസിൽ കയറിയതായിരുന്നു സാബു. തളിക്കുളം പത്താംകല്ലിൽ നിന്നാണ് ഫാസില്‍ ബസില്‍ കയറിയത്. യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഫാസിലിനെതിരെ വാടാനപ്പിള്ളി പൊലീസ് കേസെടുത്തു.

See also  ലേബര്‍റൂമില്‍ പ്രസവസമയത്ത് ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം കൂടുന്നു...

Leave a Comment