വായയിലെ പ്രശ്നങ്ങൾ മൂലം ദന്ത ഡോക്ടറുടെ അടുത്തെത്തുന്ന മിക്ക ആളുകളും പറയുന്ന പ്രശ്നമാണ് വായ്നാറ്റം. ഇത് പലപ്പോഴും ആളുകളിൽ അപകർഷതാബോധം വളർത്തുന്നു.
രാവിലെ ഉറക്കമുണർന്ന ശേഷം എല്ലാ ആളുകളിലും വായ്നാറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവർത്തനം കുറയുന്നു. അതിന്റെ ഫലമായി വായിൽ കീടാണുക്കൾ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കുന്നു.
ഇത്തരത്തിൽ കീടാണുക്കളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന രാസപദാർത്ഥങ്ങളുടെ ഫലമായി രാവിലെ വായിൽ നിന്ന് രൂക്ഷമായ ഗന്ധം വമിക്കുന്നു. എന്നാൽ ബ്രഷ് ചെയ്തത് വായ വൃത്തിയാക്കുമ്പോൾ ഈ നാറ്റം ഇല്ലാതാകുന്നു.
എന്നാൽ ചില അവസരങ്ങളിൽ മോണവീക്കം, ദന്തക്ഷയം, മോണയിലെ പഴുപ്പ്, നാവിൽ കാണപ്പെടുന്ന പൂപ്പൽ, ദന്തരോഗങ്ങൾ, വായിലുണ്ടാകുന്ന മുറിവുകൾ, പല്ലെടുത്ത ശേഷം ഉണങ്ങാത്ത മുറിവ് തുടങ്ങിയവയൊക്കെ വായ്നാറ്റത്തിന് കാരണമാകാം.
ഇത്തരം രോഗങ്ങൾ മൂലം അല്ലാതെ ഉണ്ടാകുന്ന വായ്നാറ്റം നമുക്ക് വീട്ടിലിരുന്ന് തന്നെ പരിഹരിക്കാം.ഈ പ്രകൃതിദത്ത മൗത്ത് ഫ്രെഷനറുകൾ പരീക്ഷിക്കുക
പെരുംജീരകം
വായിലെ ബാക്ടീരിയകളോട് പോരാടുന്ന ആന്റിമൈക്രോബിയൽ ഗുണങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അതുവഴി ഇവ വായ്‌നാറ്റം തടയുന്നു.
നിങ്ങളുടെ ശ്വാസം പുതുമയുള്ളതാക്കി മാറ്റുന്നതിന് ഒരു ടീസ്പൂൺ പെരുംജീരകം ചവയ്ക്കുക അല്ലെങ്കിൽ പെരുംജീരകം കലർത്തിയ വെള്ളം കുടിക്കുക. ഇതിനായി ഒരു കപ്പ് ചൂടുവെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം ഇട്ട് 10 മിനിറ്റ് നേരം തിളപ്പിച്ച ശേഷം, ഈ വെള്ളം ഒരു ദിവസം രണ്ട് തവണ വീതം കുടിക്കുക.
കറുവപ്പട്ട
കറുവപ്പട്ടയിൽ സിന്നാമിക് ആൽഡിഹൈഡ് അടങ്ങിയിരിക്കുന്നു. ഒരു അവശ്യ എണ്ണയായ ഇത് വായ്‌നാറ്റം അകറ്റുകയും നിങ്ങളുടെ വായിലെ ബാക്ടീരിയയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ കറുവപ്പട്ട പൊടി ഇട്ട് തിളപ്പിക്കുക. ഈ പാനീയം അരിച്ചെടുത്ത് വായിൽ ഒഴിച്ച്, വായ വൃത്തിയായി കഴുകുക. മികച്ച ഫലങ്ങൾക്കായി, എല്ലാ ദിവസവും രാവിലെ ഇത് പരീക്ഷിക്കുക.
ഗ്രാമ്പൂ
ഗ്രാമ്പൂ മറ്റൊരു പ്രകൃതിദത്ത മൗത്ത് ഫ്രെഷ്നറാണ്. കൂടാതെ ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വായിലെ ബാക്ടീരിയകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കുറച്ച് ഗ്രാമ്പൂ നിങ്ങളുടെ വായിലേക്ക് ഇട്ട് നന്നായി ചവയ്ക്കുക, ഇത് വായ്‌നാറ്റം ഉടനടി ഇല്ലാതാക്കും.
നാരങ്ങ നീര്
നാരങ്ങയിലെ അസിഡിക് അംശം നിങ്ങളുടെ വായിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. കൂടാതെ, അതിന്റെ ശക്തവും സുഖകരവുമായ സുഗന്ധം വായയിലെ ദുർഗന്ധം മറയ്ക്കാൻ സഹായിക്കുന്നു.
ഒരു കപ്പ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും കുറച്ച് ഉപ്പും ചേർത്ത്, വായിൽ ഒഴിച്ച് നന്നായി കഴുകുക.