തൃശ്ശൂര്‍: മേയര്‍ എം കെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജി വെച്ച് മുന്നണിയില്‍ തുടരാന്‍ എം കെ വര്‍ഗീസ് തയാറാകണമെന്നാണ് കെ കെ വത്സരാജ് ആവശ്യപ്പെട്ടു. മേയറുടെ തുടര്‍ച്ചയായുളള സുരേഷ് ഗോപി പ്രകീര്‍ത്തനമാണ് സിപിഐയെ ചൊടിപ്പിച്ചത്.തൃശ്ശൂരിലെ പരാജയത്തിന് മേയറുടെ നിലപാട് ഒരു കാരണമായിയെന്നും സിപിഐ ആരോപിക്കുന്നു.
എന്നാല്‍ സിപിഐയുടെ നിലപാട് മുന്നണിയുടെ തീരുമാനമല്ലെന്ന് സിപിഎം അറിയിച്ചു. മേയറെ മാറ്റാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് പറഞ്ഞു. മേയര്‍ എം.കെ വര്‍ഗീസിന്റെ ഒറ്റ സീറ്റിന്റെ പിന്‍ബലത്തിലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് ഭരിക്കുന്നത്.
സുരേഷ് ഗോപിക്ക് വികസനത്തില്‍ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ട്. അദ്ദേഹത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിര്‍പ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും എം കെ വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.