കോഴിക്കോട്: 30 മണിക്കൂറിന് ശേ്ഷം തിരുവമ്പാടിയിലെ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. കളക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് തഹസില്‍ദാര്‍ എത്തി റസാഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാത്രി എട്ടരയോടെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇത് പോരാട്ടത്തിന്റെ വിജയമെന്ന് റസാഖ് പ്രതികരിച്ചു.
വൈദ്യുതിബില്‍ കുടിശ്ശികവരുത്തിയതിനെത്തുടര്‍ന്ന് റസാഖിന്റെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ റസാഖിന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ അജ്മല്‍ വൈദ്യുതി ഓഫീസില്‍ അതിക്രമിച്ചുകയറി അക്രമംനടത്തി. സാധനസാമഗ്രികളും മീറ്ററുകളും ഫയലുകളുമുള്‍പ്പെടെ നശിപ്പിച്ചിരുന്നു. അസി. എന്‍ജിനിയര്‍ പി. എസ്. പ്രശാന്തിനുനേരേ മാലിന്യ അഭിഷേകവുമുണ്ടായി. പ്രഷര്‍ കുക്കറില്‍ കൊണ്ടുവന്ന അടുക്കള അവശിഷ്ടങ്ങള്‍ തലകീഴെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തിരുവമ്പാടി കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ജീവനക്കാര്‍ക്കുനേരേ വധഭീഷണിയുയര്‍ത്തി രക്ഷപ്പെടാന്‍ശ്രമിച്ച അജ്മലിനെയും സഹോദരന്‍ ഷഹദാദിനെയും (24) ജീവനക്കാര്‍ പിടിച്ചുവെച്ച് പോലീസിലേല്‍പ്പിച്ചു.
ഓണ്‍ലൈന്‍വഴി തുക അടച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് റോഡരികില്‍നിന്ന് വീട്ടിലെ കണക്ഷന്‍ പുനഃസ്ഥാപിക്കുന്നതിനിടെയായിരുന്നു ലൈന്‍മാനുനേരേ കൈയേറ്റമുണ്ടായത്. ഇതിന് പിന്നാലെ കെഎസ്ഇബി വൈദ്യുതി സ്ഥാപിക്കാന്‍ തയ്യാറായിരുന്നു.