തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണണെന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിറക്കി. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്ന് ഉത്തരവില്‍ പറയുന്നു.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഹേമ കമ്മീഷന്‍ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. തുടര്‍ന്ന് തൊഴില്‍ അന്തരീക്ഷവും സിനിമാ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും അന്വേഷിക്കാന്‍ സ്ത്രീ-പുരുഷ അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകര്‍, സാങ്കേതിക വിദഗ്ദര്‍ തുടങ്ങി ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി ജസ്റ്റിസ് ഹേമ കമ്മീഷന്‍ അഭിമുഖം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസം, സെറ്റില്‍ സ്ത്രീകള്‍ക്കുള്ള സൗകര്യമില്ലാത്തതിന്റെ പ്രശ്നങ്ങള്‍, പരാതി പരിഹാരത്തിനുള്ള ശരിയായ ഫോറത്തിന്റെ അഭാവം തുടങ്ങിയവും കമ്മീഷന്‍ റിപ്പോട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉള്ളടക്കത്തിലെ പ്രശ്‌നങ്ങള്‍ കാരണം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ തയ്യാറായില്ല. പലതാരങ്ങളുടെയും പേരുകള്‍ റിപ്പോര്‍ട്ടിലുണ്ട്.സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച്, ലഹരി ഉപയോഗം എന്നിവയെല്ലാം ദൃശ്യങ്ങളടക്കം തെളിവായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ആര്‍ ടി ഐ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ ഒരു വിവരവും മറച്ച് വെയ്ക്കരുതെന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ. എ അബ്ദുല്‍ ഹക്കീം ഉത്തരവിട്ടിരിക്കുന്നത്. നല്‍കാനാവാത്ത വിവരങ്ങള്‍ സെക്ഷന്‍ 10 എ പ്രകാരം വേര്‍തിരിച്ച് ബാക്കി മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് നിര്‍ദേശം. ജൂലൈ 25 നകം റിപോര്‍ട്ട് അപേക്ഷകര്‍ക്ക് നല്‍കണമെന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.