തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണ മേഖലാ ഐജി സ്പര്‍ജന്‍കുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല നല്‍കി.
പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡി ഡോ.സഞ്ജീബ് കുമാര്‍ പട്ജോഷിയെ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയായി നിയമിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജുവാണു കോര്‍പറേഷന്റെ പുതിയ സിഎംഡി.
ദക്ഷിണ മേഖലാ ഐജി ആയിരുന്ന സ്പര്‍ജന്‍കുമാര്‍ മുന്‍പും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദക്ഷിണ മേഖലാ ഐജിയുടെ ചുമതലയ്ക്കു പുറമേയാണ് അധിക ചുമതല കൂടി നല്‍കിയത്. മനുഷ്യാവകാശ കമ്മിഷന്‍ ഐജി പി.പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐജിയാക്കി. അവധി കഴിഞ്ഞു തിരികെയെത്തിയ എസ്.സതീഷ് ബിനോയ്ക്ക് പൊലീസ് ആസ്ഥാനത്തു ഭരണവിഭാഗം ഡിഐജിയായി നിയമനം നല്‍കി.
തൃശൂര്‍ മുന്‍ കമ്മിഷണര്‍ അങ്കിത് അശോകനു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചില്‍ ടെക്നിക്കല്‍ ഇന്റലിജന്‍സ് എസ്പിയായി നിയമനം നല്‍കി. തൃശ്ശൂര്‍ പൂര വിവാദത്തില്‍ സ്ഥലം മാറ്റപ്പെട്ടശേഷം നിയമനം നല്‍കിയിരുന്നില്ല. സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എസ്പി സി.ബാസ്റ്റിന്‍ ബാബുവിനെ വനിതാശിശു സെല്‍ ഐജിയായും നിയമിച്ചു.
മുതിര്‍ന്ന 10 ഡിവൈഎസ്പിമാര്‍ക്കു നോണ്‍ ഐപിഎസ് വിഭാഗത്തില്‍ എസ്പിമാരായി സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. നോണ്‍ ഐപിഎസ് വിഭാഗത്തിലെ അഞ്ച് എസ്പിമാരെ സ്ഥലം മാറ്റുകയും ചെയ്തു.