നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തില്‍ ലോക്‌സഭയും രാജ്യസഭയും പ്രഷുബ്ധമായി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികള്‍ നിര്‍ത്തിവച്ചു. പിന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചപ്പോഴും ബഹളം തുടര്‍ന്നതിനെത്തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസാരിക്കാനെഴുന്നേറ്റ രാഹുല്‍ഗാന്ധിയുടെ മൈക്ക് പലപ്രാവശ്യം ഓഫാക്കിയതില്‍ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.
ഡല്‍ഹിയില്‍ കനത്തമഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 1-ലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റ് നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്.
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം
കാഫിര്‍ പോസ്റ്റ് വിവാദം സഭയില്‍; കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്, സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം
വടകരയിലെ കാഫിര്‍ പോസ്റ്റ് വിവാദം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മാത്യു കുഴല്‍നാടന്‍ എംഎഎല്‍എയാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. സംഭവത്തില്‍ രണ്ട് പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി എംബി രാജേഷ് മറുപടി നല്‍കി. ഫേയ്‌സ്ബുക്കിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും വിവരങ്ങള്‍ കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സിപിഎം നേതാവ് കെകെ ലതികയെ ഉള്‍പ്പെടെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രിയുടെ മറുപടിയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.