ന്യൂഡല്‍ഹി: പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്‍ലയെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലോക്സഭ സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ നിന്നാണ് ബിര്‍ല ലോക്സഭയിലെത്തിയത്. മൂന്നാം തവണയാണ് എംപിയാകുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. ശബ്ദവോട്ടോടെയാണ് സ്പീക്കറെ തെരഞ്ഞെടുത്തത്. എന്നാല്‍ ഐകകണ്‌ഠേന്യയുളള തിരഞ്ഞെടുപ്പ് സാധ്യമായില്ല. ഓം ബിര്‍ലയുടെ പേര് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രമേയം അവതരിപ്പിച്ചു. കേന്ദ്രമന്ത്രി രാജ്നാഥ് സിങും കേന്ദ്രമന്ത്രി ലലന്‍ സിങും മോദിയുടെ പ്രമേയത്തെ പിന്താങ്ങി. ഓം ബിര്‍ലയ്ക്കായി എന്‍ഡിഎയിലെ വിവിധ കക്ഷിനേതാക്കള്‍ ഉള്‍പ്പെടെ 13 പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജുവും പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയും ഓംബിര്‍ലയെ ചെയറിലേക്ക് ആനയിച്ചു. പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും പരസ്പരം കൈകൊടുത്തു. ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും ഇന്ത്യയുടെ ശബ്ദമെന്ന് രാഹുല്‍ ഗാന്ധി സഭയെ ഓര്‍മ്മിപ്പിച്ചു.