കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66-ാം പിറന്നാള്‍. പിറന്നാള്‍ ദിനം പാര്‍ലമെന്റില്‍ ചെലവഴിക്കാനാണ് തൃശൂര്‍ എംപികൂടിയായ സുരേഷ് ഗോപിയുടെ തീരുമാനം. സാധാരണ ജന്മദിനത്തിന് ക്ഷേത്രദര്‍ശനവും വഴിപാടുകളും പതിവാണ്. എന്നാല്‍ ഇത്തവണ കേരള ഹൗസിലെ മുറിയില്‍ പ്രാര്‍ത്ഥനയോടെയാകും തുടക്കം. വീട്ടിലും സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിലും ജന്മദിനം ആഘോഷിച്ചിട്ടുളള സുരേഷ് ഗോപിക്ക് ഇത്തവണ വേറിട്ടൊരു ജന്മദിനാഘോഷമാണുണ്ടായിരിക്കുന്നത്. 2022 ല്‍ താരസംഘടനയായ അമ്മയുടെ മീറ്റിംഗില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കൊപ്പം കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്.
1958 ജൂണ്‍ 26 ന് ആലപ്പുഴയില്‍ സിനിമാ വിതരണക്കാരനായ കെ. ഗോപിനാഥന്‍ പിള്ളയുടെയും വി. ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി സുരേഷ് ഗോപി ജനിച്ചു . മാതാപിതാക്കള്‍ കൊല്ലം സ്വദേശികളാണ് . അദ്ദേഹത്തിന് മൂന്ന് ഇളയ സഹോദരന്മാരുണ്ട്: സുഭാഷ് ഗോപി, ഇരട്ടകളായ സുനില്‍ ഗോപി, സനില്‍ ഗോപി. അദ്ദേഹത്തിന്റെ തറവാട് കൊല്ലം നഗരത്തില്‍ മാടന്‍നടയ്ക്കടുത്താണ്.
1990 ഫെബ്രുവരി 8 ന് നടി ആറന്മുള പൊന്നമ്മയുടെ ചെറുമകള്‍ രാധിക നായരെ വിവാഹം കഴിച്ചു . അഞ്ച് മക്കളുണ്ട്-ലക്ഷ്മി സുരേഷ്, ഗോകുല്‍ സുരേഷ് , ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ്. ഒന്നര വയസ്സുള്ളപ്പോള്‍ ലക്ഷ്മി വാഹനാപകടത്തില്‍ മരിച്ചു.
കൊല്ലത്തെ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു ഗോപിയുടെ വിദ്യാഭ്യാസം. തുടര്‍ന്ന് അദ്ദേഹം ഉന്നത പഠനത്തിനായി കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ ചേര്‍ന്നു. സുവോളജിയില്‍ സയന്‍സ് ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ഓഫ് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട് .
കോളേജ് പഠനകാലത്ത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്എഫ്‌ഐയുടെ സജീവ അംഗമായിരുന്നു സുരേഷ് . പിന്നീട് ഇന്ദിരാഗാന്ധിയോടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനോടും കടുത്ത ആരാധന. എന്നാല്‍ 2006 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ , എല്‍ഡിഎഫിനായും യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും വേണ്ടി അദ്ദേഹം പ്രചാരണം നടത്തി . മലമ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് അച്യുതാനന്ദനും പൊന്നാനി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എം പി ഗംഗാധരനുവേണ്ടിയും അദ്ദേഹം പ്രചാരണം നടത്തി . 2016 ഒക്ടോബറില്‍ സുരേഷ് ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. 2016 ല്‍ തന്നെ രാജ്യസഭാംഗമായി. 2024 ല്‍ തൃശൂരില്‍ ബിജെപിക്കായി ചരിത്രവിജയം കുറിച്ചു.
1965ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപി ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് . പിന്നീട് നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി.