Saturday, April 5, 2025

എം.വി. നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്ന് രാജിവെച്ചു.മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് സിപിഎമ്മിലേക്ക്

Must read

- Advertisement -

കണ്ണൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക്. നിലവില്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ ചീഫ് എഡിറ്ററായ അദ്ദേഹം എഡിറ്റോറിയല്‍ ചുമതലകള്‍ ഒഴിഞ്ഞു. മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് വീണ്ടും മുഴുവന്‍ സമയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുകയാണ്.

നികേഷ് കുമാറിനെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്നലെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. 2016 -ല്‍ മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് അഴീക്കോട് മണ്ഡലത്തില്‍ നിന്ന് നികേഷ് നിയമസഭയിലേയ്ക്ക് മല്‍സരിച്ചിരുന്നെങ്കിലും കെ.എം ഷാജിയോട് പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും അദ്ദേഹം മാധ്യമ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചുവന്നിരുന്നു.

കഴിഞ്ഞ വര്‍ഷം സ്വന്തം ഉടമസ്ഥതയില്‍ ഉള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ വില്‍പന നടത്തിയിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം ചാനലിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് തുടരുകയായിരുന്നു. എന്നാല്‍ ഭരണപരമായ ചുമതലകള്‍ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

ഉചിതമായ സമയം നോക്കി രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചുപോകുന്നതിനു വേണ്ടിയായിരുന്നു അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലില്‍ തുടര്‍ന്നുവന്നിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മറ്റി നികേഷിനെ ജില്ലാ കമ്മറ്റിയിലേയ്ക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടുകൂടി ഇദ്ദേഹം ഇനി പാര്‍ട്ടിയില്‍ സജീവമായി മാറും.

ആദ്യം മല്‍സരിച്ച അഴീക്കോട് മണ്ഡലത്തില്‍ 2016 -ല്‍ ഇദ്ദേഹം തോറ്റിരുന്നെങ്കിലും 2021 -ല്‍ ഇതേ മണ്ഡലത്തില്‍ കെ.വി സുമേഷ് കെ.എം ഷാജിയെ പരാജയപ്പെടുത്തിയിരുന്നു. അതിനാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലം തന്നെ നികേഷിന് അനുവദിക്കാന്‍ സാധ്യത കുറവാണ്.

പകരം കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഉറപ്പുള്ള ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും നികേഷിനെ നിയമസഭയിലേയ്ക്ക് മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. അതുവരെ ജില്ലാ കമ്മറ്റി അംഗം എന്ന നിലയില്‍ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സജീവമാകും.

See also  ഇവാന്‍ വുക്കോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ആശാന്‍ പോയ നിരാശയില്‍ ആരാധകര്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article